‘പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേത്; കുട്ടികള്‍ക്ക് അവകാശപ്പെട്ട വിഹിതം നേടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം’: മന്ത്രി വി ശിവന്‍കുട്ടി

v-sivankutty rss ganageetha students singing

പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ, സമഗ്ര ശിക്ഷാ കേരളയ്ക്ക് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ച് കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നിലപാട് മറികടക്കാനുള്ള തീരുമാനത്തിന്റെ പുറത്താണ് കേരളം പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി.രണ്ടായിരത്തി ഇരുപത്തി മൂന്ന് – ഇരുപത്തി നാല് വർഷം കേരളത്തിന് നഷ്ടമായത് നൂറ്റി എൺപത്തിയെട്ട് കോടി അമ്പത്തിയെട്ട് ലക്ഷം രൂപയാണ്. രണ്ടായിരത്തി ഇരുപത്തി നാല് – ഇരുപത്തിയഞ്ച് വർഷത്തെ കുടിശ്ശിക അഞ്ഞൂറ്റി പതിമൂന്ന് കോടി അമ്പത്തി നാല് ലക്ഷം രൂപയാണ്. രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് വർഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന നാന്നൂറ്റി അമ്പത്തിയാറ് കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു. ആകെ ആയിരത്തി ഒരുന്നൂറ്റി അമ്പത്തിയെട്ട് കോടി പതിമൂന്ന് ലക്ഷം രൂപയുടെ ഫണ്ടാണ് നമുക്ക് ഇതിനോടകം നഷ്ടമായത്. പദ്ധതിയില്‍ ഒപ്പുവെക്കുന്നതോടെ 1476 കോടി 13 ലക്ഷം കോടി സംസ്ഥാനത്തിന് ലഭ്യമാകും. കുട്ടികള്‍ക്ക് അവകാശപ്പെട്ട വിഹിതം നേടിയെടുക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാന്‍ കേരളം തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

പി എം ശ്രീ പദ്ധതി രണ്ടായിരത്തി ഇരുപത്തി ഏഴ് മാർച്ചിൽ അവസാനിക്കും.
ഇപ്പോൾ ഒപ്പിടുന്നതിലൂടെ, സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടു വർഷത്തെ പി.എം. ശ്രീ. ഫണ്ടും ഉൾപ്പെടെ ആയിരത്തി നാന്നൂറ്റി എഴുപത്തിയാറ് കോടി പതിമൂന്ന് ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഫണ്ട് വാങ്ങുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ മൂല്യങ്ങള്‍ക്ക് അനുസൃതമായാണ് നയം നടപ്പിലാക്കിയത്. നമ്മുടെ സ്വന്തം കാഴ്ചപ്പാടാണ് ഇവിടെ നടപ്പിലാക്കുന്നത്. പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17-ലെ സെക്ഷൻ നാലിൽ മുപ്പത്തരണ്ടിൽ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എൻ.ഇ.പി വന്നതിന് ശേഷം 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്. എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കാൻ പോകുന്നത്. അതിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ പി എം ശ്രീ എന്ന് ചേര്‍ത്താല്‍ മതി, പ്രധാനമന്ത്രിയുടെ പേരും ഫോട്ടോയും ചേര്‍ക്കണമെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ആശയങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.

Also read – ‘സിപിഐയുമായുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർ

അതേസമയം NEP യുടെ ഭാഗമാണ് പി എം ശ്രീ പദ്ധതി . NEP യിൽ പറയുന്ന കാര്യങ്ങളിൽ കേരളത്തിന് നടപ്പാക്കാൻ പറ്റുന്നത് മാത്രമേ നടപ്പാക്കുകയുള്ളൂ. പി എം ശ്രീ പദ്ധതിയുടെ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും പി എം ശ്രീയുടെ പേരില്‍ സമാനമായ മറ്റ് ഫണ്ടുകള്‍ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് അടിയറവു വച്ചു എന്നത് തെറ്റാണ് .ഫെഡറല്‍ തത്വങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ തീരുമാനം. കേരളത്തില്‍ ഒരു സ്‌കൂള്‍ പോലും അടച്ചുപൂട്ടില്ല, പൂട്ടിയ സ്‌കൂള്‍ തുറന്ന പാരമ്പര്യമേ ഒന്‍പത് വര്‍ഷക്കാലമായി കേരളത്തിലുള്ളു. സ്‌കൂളുകള്‍ പൂട്ടാനുള്ളതല്ല , നിലവിലുള്ളത് മികവിന്റെ കേന്ദ്രങ്ങള്‍ ആക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് പറഞ്ഞ മന്ത്രി കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാനങ്ങളും പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News