‘പ്രേംകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കാലാവധി കഴിഞ്ഞത് കൊണ്ട്; നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല’: മന്ത്രി സജിചെറിയാൻ

Saji Cherian

ചലച്ചിത്ര അക്കാഡമി ഭാരവാ​​ഹിത്വത്തിൽ നിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതുകൊണ്ടാണെന്നും അഭിപ്രായ പ്രകടനത്തിൻ്റെ പേരിലല്ലെന്നും മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല നിർവഹിച്ചിരുന്ന പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ തന്നെ, സച്ചിദാനന്ദൻ മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read: സ്കൂളുകളിൽ റോബോട്ടിക് ലാബുകളും ഇൻഷുറൻസ് പരിരക്ഷയും; വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ പുതിയ കാഹളം

അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതും തൃപ്തികരവുമാണ്. എന്നാൽ, അക്കാഡമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്.

Also read: ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവർക്ക് ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പ് പാഠമാണ്;മുഖ്യമന്ത്രി പിണറായി വിജയൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ – ഇൻ – ചാർജ് എന്ന നിലയിൽ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിച്ചതിൽ എനിക്ക് വ്യക്തിപരമായി നല്ല അനുഭവങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെ ഞാൻ എന്നും പ്രശംസിച്ചിട്ടുമുണ്ട്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നതിൽ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്നതാണ്. അദ്ദേഹത്തിന് ഈ കാര്യത്തിൽ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നും മന്ത്രി സജി ചെറിയാൻ പ്രസ്താവനയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News