
വൈൽഡ് ലൈഫ് ഡിവിഷനിലെ മറ്റൊരു വനഭാഗത്ത് കണ്ടുവന്നിരുന്ന കടുവയുടെ സാന്നിധ്യം വണ്ടിക്കടവ് മേഖലയിൽ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. സ്ഥാപിച്ച ക്യാമറ ട്രാപ്പുകളിലെ ചിത്രങ്ങളും ഫീൽഡിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ആസ്പദമാക്കി സമീപ വനഭാഗങ്ങളിലെ കൂടുതൽ കടുവകളെ വനം വകുപ്പ് തിരിച്ചറിഞ്ഞു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് പാലക്കാട് വൈൽഡ്‌ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി ഉമ ഐഎഫ്എസിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് പുതിയ സാഹചര്യങ്ങൾ വിലയിരുത്തി.
മേഖലയിൽ പുതുതായി കണ്ടെത്തിയ കടുവയ്ക്ക് കൂടുതൽ പ്രായം ഉണ്ട്. അതിനാൽ വളർത്തുമൃഗങ്ങളെ പിടിക്കുകയോ മനുഷ്യനെ അക്രമിക്കുകയോ ചെയ്തേക്കാം. മാരന്റെ മരണത്തിന് കാരണമായത് ഈ കടുവയായിരിക്കാമെന്നും ടെക്നിക്കൽ കമ്മിറ്റി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.
അദതേസമയം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും എഡിസിഎഫ് അരുൾ ഐഎഫ്എസും കടുവ അക്രമണം ഉണ്ടായ സ്ഥലം സന്ദർശിച്ച് ഇതുവരെയുള്ള നടപടിക്രമങ്ങൾ വിലയിരുത്തി. മരിച്ച മാരന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉന്നതി നിവാസികളുമായി സംസാരിച്ചു. വനത്തിൽ പോകുന്ന ഗോത്രവിഭാഗക്കാരെ കടുവകൾ പിന്നിൽ നിന്ന് അക്രമിക്കുന്നത് ഒഴിവാക്കാൻ ആവശ്യമെങ്കിൽ തലയ്ക്ക് പിന്നിൽ ധരിക്കുന്ന മുഖം മൂടികൾ വിതരണം ചെയ്യുമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.
ബത്തേരി, മാനന്തവാടി ആർആർടികളുടെ നേതൃത്വത്തിൽ വനഭാഗത്തിനകത്തും വയനാട് വന്യജീവി സങ്കേതത്തിലെയും സൗത്ത് വയനാട് ഡിവിഷനിലെയും വനപാലകരുടെ സംഘങ്ങൾ പ്രദേശത്തും പകലും രാത്രിയും പട്രോളിങ് നടത്തുന്നുണ്ട്. അപകടം ഉണ്ടായ സ്ഥലത്തിന് പുറമെ പുതിയ മറ്റൊരു സ്ഥലത്തും കടുവയെ പിടികൂടാനുള്ള കൂട് സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ജനങ്ങൾ കടുവയെ കണ്ട കന്നാരം പുഴ വനഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ജോഷിലിന്റെ നേതൃത്വത്തിൽ ആർ ആർ ടി അംഗങ്ങൾ പരിശോധിക്കുകയും കടുവ സമീപത്ത് ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്തു.
കർണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡുകളിലൊന്നിന് അടുത്തുനിന്ന് രാത്രിയിൽ പകർത്തിയ കടുവയ്ക്ക് നിലവിലെ സംഭവങ്ങളുമായി ബന്ധമില്ല എന്നും പ്രജനന കാലത്തെ കടുവകളുടെ സ്വഭാവത്തെ കുറിച്ച് സമീപത്തെ ഉന്നതികളിൽ ബോധവൽക്കരണം നടത്തുമെന്നും അസിസ്റ്റന്റ് കൺസർവേറ്റർ അറിയിച്ചു. അസി വൈൽഡ് ലൈഫ് വാർഡന്മാരായ മുബഷിർ, സഞ്ജയ് കുമാർ, രാജീവ് കുമാർ എം കെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറാസ്റ്റ് ഓഫീസർമാരായ ബൈജുനാഥ്, അഷ്റഫ്, ഗഫൂർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

