
നെല്ല് സംഭരണത്തിനായി സംസ്ഥാനം നൽകുന്ന പ്രോത്സാഹന വിഹിതം അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കുലറിനെതിരെ പാലക്കാട് വൻ കർഷക പ്രതിഷേധം. ജില്ലാ പോസ്റ്റ് ഓഫീസിന് മുന്നിൽ കേന്ദ്ര സർക്കാർ ഉത്തരവ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു. പാലക്കാട് മാത്രം 150 കോടി രൂപയുടെ നഷ്ട്ടം കർഷകർക്കുണ്ടാകുമെന്ന് കർഷക സംഘം ചൂണ്ടികാട്ടി.
നെല്ല് കർഷകർക്കായി സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം റദാക്കണമെന്ന കേന്ദ്ര സർക്കാർ സർക്കുലർ കർഷകർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ട്ടിച്ചത്. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ പാലക്കാട് പോസ്റ്റ് ഓഫീസിലേയ്ക്ക് നടന്ന് മാർച്ചിൽ സർക്കുലർ കത്തിച്ച് കർഷകർ പ്രതിഷേധം അറിയിച്ചു. ഒരു ലക്ഷത്തിനടുത്ത് നെല്ല് കർഷകർ പാലക്കാട് ജില്ലയിൽ ഉണ്ട്. 2024- 25 വർഷം രണ്ട് ലക്ഷം മെട്രിക് ടൺ നെല്ല് പാലക്കാട് നിന്ന് മാത്രം ശേഖരിച്ചിരുന്നു. കേന്ദ്ര സർക്കാർ സർക്കുലർ പാലിക്കപ്പെട്ടാൽ പാലക്കാട്ടെ കർഷകർക്ക് 150 കോടിയിലേറെ രൂപ നഷ്ട്ടമാകും. രണ്ടാം വിള നെല്ല് സംഭരണം ആരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാറിന്റെ നീക്കം കർഷകരുടെ ഭാവിയെ പോലും ബാധിക്കുന്ന തരത്തിലേയ്ക്ക് മാറിയെന്ന് കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ വ്യക്തമാക്കി.
Also read: മേയർ പദവി നൽകാത്തതിൽ ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി കടുപ്പിച്ച് ആർ ശ്രീലേഖ
കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രസേനനൻ എം.എൽ.എ, സെക്രട്ടറി എം.ആർ.മുരളി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേന്ദ്ര സർക്കാർ തീരുമാനം തള്ളി കളഞ്ഞ സംസ്ഥാന നിലപാടിനെ കർഷക സംഘം സ്വാഗതം ചെയ്തു. നെല്ലിനുള്ള അധിക ബോണസ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം എക്സ്പെഡീച്ചർ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിയ്ക്ക് സർക്കുലർ അയച്ചത്. വിവിധ സംബ്സിഡികൾ നൽകിയും പ്രത്സാഹന വിഹിതം നൽകിയും കേരളത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ എതിർപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

