പാടാൻ കൊതിച്ചെത്തിയ 67-കാരിക്ക് മന്ത്രിയുടെ കൈത്താങ്ങ്; വീൽചെയറിലിരുന്ന് വേദി കീഴടക്കി വിജയമ്മ

MINISTER R BINDU AND VIJAYAMMA

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ‘സവിശേഷ’ കലാമേള കേവലമൊരു മത്സരവേദി മാത്രമായിരുന്നില്ല, മറിച്ച് 67-കാരിയായ സൂര്യലക്ഷ്മി എന്ന വിജയമ്മയുടെ ചിരകാല അഭിലാഷത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു. വെമ്പായം സ്വദേശിയായ ഈ ‘അമ്മൂമ്മ’ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നില്ലെങ്കിലും, പാടണമെന്ന അതിയായ ആഗ്രഹവുമായാണ് വീൽചെയറിൽ ആ വേദിയിലെത്തിയത്.

തിരക്കിനിടയിൽ തന്റെ മുന്നിലിരിക്കുന്നത് മന്ത്രി ഡോ. ആർ. ബിന്ദുവാണെന്നറിയാതെ, “എനിയ്ക്ക് വേദിയിൽ പാട്ട് പാടാൻ ഫാറം പൂരിപ്പിച്ചു തരണം” എന്ന് ആവശ്യപ്പെട്ട വിജയമ്മയുടെ നിഷ്കളങ്കത എല്ലാവരിലും പുഞ്ചിരി പടർത്തി. മറുപടിയായി ഫോറം പൂരിപ്പിക്കാതെ തന്നെ പാടാമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും വിജയമ്മയ്ക്ക് ആദ്യം അത് വിശ്വാസമായില്ല. മന്ത്രിയുമായുള്ള സംഭാഷണത്തിനിടെ, “അമ്മൂമ്മയ്ക്ക് പാട്ടിൽ ഫസ്റ്റ് കിട്ടിയാൽ സമ്മാനം ബിന്ദു വാങ്ങിച്ചുകളയോ…?” എന്ന വിജയമ്മയുടെ നർമ്മം കലർന്ന ചോദ്യം കേട്ട് മന്ത്രി പൊട്ടിച്ചിരിച്ചുപോയി.

ALSO READ: ‘എന്തൊക്കെയാണവർ പറയുന്നത് ? തെരുവ് നായ്ക്കളെ പോറ്റുന്നവർ ഉത്തരവാദിത്തത്തോടെ പെരുമാറണം’; മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ആ വേദിയിൽ സൂര്യലക്ഷ്മി തന്റെ സ്വരമാധുര്യം പകർന്നു. 12 വയസ്സുവരെ സംഗീതം അഭ്യസിച്ചിരുന്ന വിജയമ്മയ്ക്ക് നാല് വർഷം മുൻപാണ് നാഡീസംബന്ധമായ അസുഖത്താൽ കാഴ്ച നഷ്ടമായത്. ശാരീരികമായ പരിമിതികളെയും വീൽചെയറിലെ ജീവിതത്തെയും പാട്ടുരസത്തിലൂടെ മറികടന്ന്, ഒരു മനോഹരമായ ഭക്തിഗാനം ആലപിച്ചാണ് അവർ ആ വേദി കീഴടക്കിയത്.

തിരികെ മടങ്ങുമ്പോൾ മന്ത്രിയിൽ നിന്ന് ലഭിച്ച പൊന്നാടയും സ്നേഹസമ്മാനവും മാത്രമല്ല, തന്റെ പാട്ട് ഒരു വലിയ സദസ്സിന് മുന്നിൽ അവതരിപ്പിക്കാനായതിന്റെ സംതൃപ്തിയും ആ മുഖത്തുണ്ടായിരുന്നു. വെമ്പായത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വിജയമ്മ, തന്റെ വീട് വിട്ട് മറ്റൊരിടത്തേക്ക് മാറാൻ താല്പര്യപ്പെടാതെ ആത്മവിശ്വാസത്തോടെയാണ് ജീവിതത്തെ നേരിടുന്നത്. സംഗീതത്തോടുള്ള ഈ അടങ്ങാത്ത പ്രണയവും അവരുടെ ഇച്ഛാശക്തിയും ആ കലാമേളയിലെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News