
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിക്കുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. രാഹുൽ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുമെന്ന് പറയുകയാണ് ഭാര്യ ദീപ ഈശ്വർ. അന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ചു എന്നും തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ല എന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ത് ഉദ്ദേശത്തിലാണ് പോലീസ് വന്നതെന്ന് അറിയില്ലായിരുന്നു, അതുകൊണ്ടാണ് ലാപ്ടോപ്പ് മാറ്റിയത് എന്നും അവർ പറഞ്ഞു.
അതേസമയം രാഹുലിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിര്‍ണായക ദൃശ്യങ്ങളുണ്ടെന്നു കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കള്ളക്കേസാണിതെന്നും നിയമപരമായി നേരിടുമെന്നും രാഹുല്‍ പ്രതികരിച്ചു. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കോടതിയില്‍ നിന്നു കൊണ്ടു പോകുന്നതിനിടെ രാഹുല്‍ മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞു.
തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


