
രാഹുൽ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. കേസിൽ പ്രോസിക്യൂഷൻ കൂടുതൽ കോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുന്ന ഷാഫി പറമ്പിലിനും കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. രാഹുലിന് മുൻകൂർ ജാമ്യം ലഭിക്കും എന്ന് കെപിസിസി നേതൃത്വത്തിന് അടക്കം ഉറപ്പ് നൽകി, ഷാഫിയാണ് രാഹുലിനെതിരെയുള്ള പാർട്ടി നടപടി വൈകിപ്പിച്ചത്.
ആദ്യദിനം ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട വാദവും ഇന്ന് 25 മിനിറ്റോളം നീണ്ടുനിന്ന വാദത്തിനും ശേഷമാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് നസീറ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
ALSO READ; ‘നിലപാടുകളിലും പരാതികളിലും ഉറച്ചുനിൽക്കുന്നു’; ഷാഫി തുടരുന്നത് കുറ്റകരമായ മൗനം: എം എ ഷഹനാസ്
ബലാത്സംഗം, നിർബന്ധിതവും അശാസ്ത്രീയവുമായ ഗർഭഛിദ്രം എന്നിവയായിരുന്നു രാഹുലിനെതിരെ പ്രധാനമായും പ്രോസിക്യൂഷൻ ഉന്നയിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതാണ് എന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ വിധി. ആദ്യ പരാതിക്കാരിയായ അതിജീവിതയുടെ കേസിൽ ബലാത്സംഗം, നിർബന്ധത ഗർഭഛിദ്രം എന്നിവയുടെ ഡിജിറ്റൽ തെളിവുകൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഒപ്പം രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയും എഫ്ഐആർ രജിസ്റ്റർ ചെയ്തതും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. തെളിവായി എഫ്ഐആർ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സ്ഥിരം കുറ്റവാളിക്ക് ജാമ്യം അനുവദിച്ചാൽ സ്വാധീനം ഉപയോഗിച്ച് പ്രതി തെളിവുകൾ നശിപ്പിക്കും എന്നും പരാതിക്കാരായ യുവതികളെ ഭീഷണിപ്പെടുത്തുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി കോടതിയിൽ വാദിച്ചു.
രാഹുലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉള്ള പൊലീസ് റിപ്പോർട്ടും പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. എന്നാൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും ഗർഭഛിദ്രത്തിന് പെൺകുട്ടി സ്വന്തം നിലയ്ക്കാണ് ഗുളിക കഴിച്ചതെന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്നുമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.
പ്രതിഭാഗം ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി പ്രോസിക്യൂഷൻ്റെ വാദങ്ങൾ പൂർണമായും അംഗീകരിച്ചാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഉപഹർജിയും കോടതി തള്ളി. സ്വകാര്യത മാനിച്ചുകൊണ്ട് അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു കേസിന്റെ വാദം നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

