ഡിജിറ്റൽ തെളിവുകളും അതിജീവിതകളുടെ നിലവിളികളും കേരളം പലയാവർത്തി കേട്ടതാണ്. ഒരു ക്രൂര ലൈംഗിക കുറ്റകൃത്യത്തെ ഒരു പി ആർ ഇന്റർവ്യൂ കൊണ്ട് കഴുകിക്കളയാമെന്ന് കരുതിയാൽ അത് മാധ്യമപ്രവർത്തനമല്ല അതിനെ പച്ച മലയാളത്തിൽ തുറന്ന കൂട്ടിക്കൊടുപ്പെന്ന് തന്നെ വിളിക്കേണ്ടി വരും. ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടക്കാരന് വേദി ഒരുക്കി. കാണിക്കാം എന്ന് അയാൾ പറഞ്ഞ തെളിവുകൾ കാണിക്കേണ്ട എന്ന് നിസാരം പറഞ്ഞ് തള്ളി. അന്തി ചർച്ചകളിൽ കുറ്റവാളികൾക്ക് നേരെ ഗർജ്ജിക്കുന്ന സിംഹം ഇന്ന് അഭിമുഖത്തിലുടനീളം തണുത്ത മട്ടായിരുന്നു. ആർക്കോ വേണ്ടി ചേദ്യങ്ങൾ ചോദിക്കുന്നു, മുൻപിലിരിക്കുന്ന കുറ്റവാളിയുടെ പൂർണമായും വിശ്വസിക്കുന്നതു പോലെ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള വളരെ മനോഹരമായ ഒരു കാട്ടിക്കൂട്ടൽ. അതിജീവിതകളെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന ഈ സ്റ്റുഡിയോ പിആർ വർക്ക് മലയാള മാധ്യമചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിൽ ഒന്നാണ്. റീച്ചിനും ബാർക് റേറ്റിങ്ങിനുമപ്പുറം ഒരു മൂല്യവുമില്ലാത്ത ഈ പ്രവർത്തനം മാധ്യമപ്രവർത്തനം എങ്ങനെ അധാർമികതയാകുന്നു എന്നതിന്റെ ഭീകരമായ ഉദാഹരണമായി മാറുന്നു. തക്കം കിട്ടിയ സമയത്തിൽ രാഹുലിനെ പുറത്തിറക്കി കൃത്യമായ ആസൂത്രണത്തോടെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പിച്ചെടുത്ത് വീണ്ടും ഒരു റീലോഞ്ച്. പാർട്ടിയിലെ പല പ്രമുഖർ പോലും ഈ പീഡനവീരനെ കണ്ടാൽ ഒരു തീണ്ടാപ്പാടകലെ ഓടി മറയുമ്പോഴാണ് ജനങ്ങളെ പറ്റിച്ചുകൊണ്ട് പ്രമുഖ മാധ്യമത്തിന്റെ ഈ കണ്ണുകെട്ടി കളി. അതിജീവിതയ്ക്കൊപ്പമെന്ന് സ്ക്രീനിന് മുന്നിൽ ഏറ്റു പറയുകയും മറുവശത്ത് കുറ്റം ചെയ്തവനെ തലോടുകയും ചെയ്യുന്നതാണോ മാധ്യമ ധർമം. നീതി നിഷേധിക്കപ്പെടുന്നവരുടെയൊക്കെ ശബ്ദമെന്ന പരിവേഷം സ്വീകരിച്ച ആ പ്രമുഖ മാധ്യമ പ്രവർത്തകനോടാണ് ഇനി ചോദ്യം അടക്കിപിടിച്ച വേദനകളും വീർപ്പുമുട്ടലുകൾ തകർച്ചകളും ട്രോമകളും പേറി നിന്ന ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ?
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ 24 ഇന്റർവ്യൂ അത്ര നിസ്സാരമായി തള്ളേണ്ടതാണ് എന്ന് തോന്നുന്നില്ല. അത് ആസൂത്രിതമായ ഒരു പിആർ എക്സർസൈസിന്റെ ഭാഗമാണ്. ഇപ്പോൾ വളരെ ശാന്തമായി കടന്നു കിട്ടിയാൽ അത് ഇനിയും തുടരും. സ്വയം അഹങ്കരിക്കുന്ന ഒരു മാധ്യമപ്രവർത്തകനെ ഒരു തരത്തിലുള്ള ചവിട്ടും കുത്തും ഇല്ലാതെ മുന്നിൽ വിനീത വിധേയനായി ഇരുത്താൻ കഴിഞ്ഞു എന്നത് മാത്രമല്ല അതിൻറെ പ്രശ്നം.
ഒരു ആരോപണവിധേയന്‍ തന്റെ വാദങ്ങൾ നിയന്ത്രണമില്ലാതെ അവതരിപ്പിക്കാൻ ഒരു വാർത്താ ചാനലിന്റെ ഫ്ലോറും അതിന്റെ മുഖ്യ ആങ്കറും വാടകയ്ക്ക് നൽകപ്പെട്ട സംഭവമാണ്. ഒരു ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് തന്റെ ഭാഗം കേട്ടില്ലെന്ന ആരോപണത്തോടെ തുടങ്ങി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോലും തനിക്കു നീതി നൽകിയില്ലെന്ന നിലപാടിലേക്കാണ് രാഹുൽ എത്തുന്നത്. എന്നാൽ ഇതെല്ലാം പറയപ്പെടേണ്ട വേദി ഒരു പ്രൈം ടൈം അഭിമുഖമായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം.
കോൺഗ്രസിലെ ഒരു എംപിയുടെ മകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പേര് പറയാതെ സൂചനകൾ നൽകി ആരോപണങ്ങൾ നിഷേധിച്ച രീതി വ്യക്തിപരമായ ആക്രമണവും രാഷ്ട്രീയ തന്ത്രവും തമ്മിലുള്ള അതിരുകൾ മായ്ച്ചുകളയുന്നവയായിരുന്നു. ഇതിലൂടെ സത്യം പുറത്തുവരുകയല്ല മറിച്ച് കൂടുതൽ സംശയങ്ങളും അപകീർത്തിയും മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
അതിലുപരി ഗൗരവകരമായത് അതിജീവിതകളെ ലക്ഷ്യമിട്ടുള്ള പരോക്ഷ ഭീഷണികളാണ്. അവരുടെ സ്വകാര്യ ചാറ്റുകൾ തന്റെ കൈവശമുണ്ടെന്നും പുറത്തുവിടാമെന്നും പറഞ്ഞത് നിയമവ്യവസ്ഥയ്ക്കും മനുഷ്യാവകാശങ്ങൽക്കും നേരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു തരം ഭീഷണി കൂടിയാണ്.
തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന വാദം പുതിയതല്ല. എന്നാൽ അത്തരം വാദങ്ങൾ പരിശോധിക്കപ്പെടേണ്ടത് നിയമത്തിലൂടെയാണെന്നിരിക്കെ അവയെ അന്യായമായി മാധ്യമ കോടതിയിലേക്ക് മാറ്റിയതിന്റെ ഉത്തരവാദിത്വം ആരുടേതാണ്?
ഇവിടെ ചോദ്യം രാഹുലിന്റെ വാക്കുകളെക്കുറിച്ചുമാത്രമല്ല. അത് അയാളോട് മറു ചോദ്യങ്ങൾ പോലും ചോദിക്കാതെ സ്ക്രീനിൽ കൊണ്ടു വന്ന മാധ്യമത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചു കൂടിയാണ്. ഇതിനെ മാധ്യമപ്രവർത്തനം എന്ന് വിളിക്കാനാകുമോ എന്ന സംശയം ജനങ്ങൽക്കിടയിൽ ഉയർന്നാൽ അതിശയിക്കേണ്ടതില്ല.
ഇത് കണ്ടില്ലെന്ന് നടിക്കുന്നത് പരിഹാരമല്ല. ഉചിതമായ വേദികളിൽ ഉചിതമായ രീതിയിൽ ഇതിലെ തെറ്റായ വശങ്ങൾ ചൂണ്ടിക്കാണിക്കപ്പെടണം. അല്ലെങ്കിൽ നാളെ മറ്റൊരു വഷളനും മറ്റൊരു ക്യാമറയ്ക്കുമുന്നിൽ എന്തും പറഞ്ഞ് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് സമൂഹം നീങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

