
കേരളത്തിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് സിപി ഐ എം ലോകസഭ കക്ഷി നേതാവ് എംപി കെ. രാധാകൃഷ്ണൻ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രാലയം നൽകിയ മറുപടി കടുത്ത വിമർശനത്തിന് ഇടയാക്കി. വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ ചോദ്യം.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വെച്ച മറുപടിയിൽ, ദാരുണമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ, സംസ്ഥാന സർക്കാരുകളുടെ തലയിലേക്ക് പഴിചാരുകയാണ് ചെയ്തിരിക്കുന്നത്.
റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട് അനുസരിച്ച് ‘പോലീസും’ ‘ക്രമസമാധാനവും’ സംസ്ഥാന വിഷയങ്ങളാണ്. അതിനാൽ, റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും “കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും” ഉള്ള പ്രധാന ചുമതല സംസ്ഥാന സർക്കാരുകൾക്കാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പങ്ക് സംസ്ഥാന പോലീസിന്റെ ശ്രമങ്ങളെ “പിന്തുണയ്ക്കുക” മാത്രമാണെന്നും മറുപടിയിൽ പറയുന്നു.
ALSO READ: ലൈംഗിക പീഡന കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി വെച്ചു
തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കേന്ദ്ര സർക്കാരിന്റെ ലജ്ജാകരമായ ശ്രമമാണിത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ അതിക്രമം നടത്താൻ സാധിച്ചത് റെയിൽവേയുടെ സുരക്ഷാ വീഴ്ചയുടെ ഏറ്റവും വലിയ തെളിവാണ്.
തിരഞ്ഞെടുത്ത റൂട്ടുകളിൽ ആർ.പി.എഫ് എസ്‌കോർട്ട് ഉണ്ടെന്ന് പറയുമ്പോഴും, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഉൾപ്പെടെ ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ എണ്ണം തീരെ കുറവാണ്. വർഷങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും നിയമനം.
‘മേരി സഹേലി’ പദ്ധതി ദീർഘദൂര ട്രെയിനുകളിൽ തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്ന് പറയുമ്പോൾപോലും, സാധാരണക്കാരുടെ പ്രധാന ആശ്രയമായ ജനറൽ കമ്പാർട്ട്മെന്റുകൾ ഇപ്പോഴും രാത്രികാലങ്ങളിൽ സുരക്ഷാ പരിശോധനകളില്ലാത്ത ‘നോ മാൻസ് ലാൻഡ്’ ആയി തുടരുന്നു.
കേവലം ഹെൽപ്പ് ലൈൻ: പരാതികൾ അറിയിക്കാൻ റെയിൽ മദദ് പോർട്ടലും 139 ഹെൽപ്പ് ലൈനും ഉണ്ടെന്ന മറുപടി, അടിയന്തര സാഹചര്യത്തിൽ തൽക്ഷണം സുരക്ഷ ഉറപ്പാക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടെന്ന വസ്തുതയെ മറയ്ക്കുന്നില്ല.
ആക്രമണത്തിനിരയായ 19-കാരി ശ്രീക്കുട്ടിക്കും കുടുംബത്തിനും അടിയന്തരവും മതിയായതുമായ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് എംപി വ്യക്തമായി ചോദിച്ചിരുന്നെങ്കിലും, ഇതിനെക്കുറിച്ച് ഒരു കൃത്യമായ ഉറപ്പോ വിശദാംശങ്ങളോ നൽകാൻ റെയിൽവേ മന്ത്രാലയം തയ്യാറായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ കുടുംബത്തിന് ആശ്വാസം നൽകുന്ന ഒരു വാക്കുപോലും മറുപടിയിൽ ഇല്ല.
മുൻപ് നടന്ന സൗമ്യ വധക്കേസിനോട് സമാനമായ രീതിയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ തകർന്നടിഞ്ഞ ഈ സംഭവം, ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ ഓട്ടോമാറ്റിക് ഡോറുകൾ സ്ഥാപിക്കാനും ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കാനും ഉള്ള ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. അടിയന്തര സഹായം ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന ഈ നിസ്സംഗത യാത്രക്കാരോടുള്ള ഗുരുതരമായ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

