
സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. നാളെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂർ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിൻറെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ്.
ALSO READ: ഇടുക്കിക്ക് പുറമെ പാലക്കാട് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാളെ മൂന്നു ജില്ലകളിൽ അത് തീവ്ര മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കടലിലെ മോശം കാലാവസ്ഥയെ തുടർന്ന് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശവും നിലനിൽക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

