
ബിജെപി മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം. എം എസ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകാൻ തയ്യാറാകാതെ രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറി. എം എസ് കുമാർ പറഞ്ഞ കാര്യങ്ങൾ എല്ലാം താൻ കേട്ടെന്നും, എന്നാൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
സഹകരണ സംഘം ബിജെപിയുടെ അല്ല എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞത്. നിലവിൽ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എം എസ് കുമാർ മുൻപ് ബിജെപിയിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു. കൂടുതൽ പ്രതികരിക്കാതെ രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞു മാറി.
സഹകരണസംഘത്തിൽനിന്ന് വായ്‌പയെടുത്ത് തിരിച്ചടയ്ക്കാതെ പ്രതിസന്ധിയിലാക്കിയ ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം എം എസ് കുമാർ പറഞ്ഞത്. ജീവനൊടുക്കിയ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ അതേ അവസ്ഥയിലാണ് താനെന്നും കുമാർ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. മരിച്ചുകഴിഞ്ഞിട്ട് നെഞ്ചത്ത് റീത്തുവച്ചിട്ട് കാര്യമില്ലെന്നും കുമാർ നേതൃത്വത്തെ ഓർമിപ്പിച്ചു.
ബിജെപിക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് തിരുമല അനിൽ ജീവനൊടുക്കിയത്. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ അനിലിനെ കൈവിട്ടു. ആ അവസ്‌ഥയിലാണ് താനും.
കുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ സഹകരണസംഘത്തിനെതിരെ 150ഓളം പരാതികളാണ് ഫോർട്ട്, മെഡിക്കൽ കോളേജ്, മ്യൂസിയം സ്‌റ്റേഷനുകളിലായി ലഭിച്ചത്. സംഘത്തിന്റെ പ്രധാനശാഖയിൽ ഫോർട്ട് പൊലീസ് റെയ്‌ഡ് നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. വായ്‌പയെടുത്ത് തിരിച്ചടയ്ക്കാത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്ന കുമാറിന്റെ വാക്കുകൾ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

