
കേരളത്തിലെ സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള സംഘപരിവാറിന്റെ കൊണ്ട് പിടിച്ച ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്നാകണമെന്ന ഉത്തരവ് കൂടി സുപ്രീം കോടതി പുറപ്പെടുവിച്ചതോടെ ഗവർണറുടെയും സംഘത്തിന്റെയും വ്യാമോഹങ്ങൾക്കാണ് താഴ് വീണത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവകലാശാലകളുടെ നടത്തിപ്പിൽ ഇടങ്കോലിടാനുള്ള ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഉന്നത നീതിപീഠം നടത്തിയ ഈ ഇടപെടൽ.
വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിന് സാങ്കേതിക– ഡിജിറ്റൽ സർവകലാശാലകൾക്കുവേണ്ടി സംയുക്തമായോ വെവ്വേറെയോ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചെയർമാന് അധികാരമുണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സർക്കാർ നൽകിയ 10 പേരുകളിൽനിന്നും ഗവർണർ നൽകിയ എട്ടുപേരുകളിൽനിന്നും രണ്ടുപേരെ വീതം ഉൾപ്പെടുത്തി രണ്ടാഴ്ചയ്‌ക്കകം ചെയർമാൻ അഞ്ചംഗകമ്മിറ്റി രൂപീകരിക്കണം. ഉന്നത വിദ്യാഭ്യാസവകുപ്പ്, വിസി നിയമനത്തിന് പരസ്യം നൽകണം. വൈസ് ചാൻസലർ സ്ഥാനത്തേക്ക് മൂന്നുപേരടങ്ങുന്ന ചുരുക്കപ്പട്ടിക ഒരു മാസത്തിനുള്ളിൽ തയ്യാറാക്കി സെർച്ച് കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. നിർദേശിക്കപ്പെട്ട ആരുടെയെങ്കിലും കാര്യത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ അതിനുള്ള കാരണം സഹിതം ശുപാർശകൾ ചാൻസലറായ ഗവർണർക്ക് സമർപ്പിക്കണം. നിർദേശിക്കപ്പെട്ട പേരുകൾ ഒന്നും ഗവർണർ അംഗീകരിക്കുന്നില്ലെങ്കിൽ അന്തിമതീർപ്പ് സുപ്രീംകോടതിയുടേതായിരിക്കും. യുജിസിയെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റി സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തി ഗവർണർ നടത്തിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് സുപ്രീം കോടതി ഇപ്പോൾ ചുട്ട മറുപടി കൊടുത്തിരിക്കുന്നത്.
ഡിജിറ്റൽ സർവകലാശാലയുടെയും സാങ്കേതിക സർവകലാശാലയുടെയും താൽക്കാലിക വൈസ് ചാൻസലർമാരായി സിസ തോമസിനെയും പ്രൊഫ. കെ ശിവപ്രസാദിനെയും 2024 നവംബർ 27ന് അന്നത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ആണ് നിയമിച്ചത്. ഇതോടെ ആരംഭിച്ച നിയമപോരാട്ടത്തിലാണ് കോടതിയുടെ പുതിയ ഉത്തരവിലൂടെ സംസ്ഥാന സർക്കാർ നിർണായക വിജയം നേടിയിരിക്കുന്നത്.
കേന്ദ്രഭരണം കൈയാളുന്ന പാർടിയുടെ ഏജന്റായി ഗവർണർപദവിയെ തരംതാഴ്ത്തി ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെ കരിവാരിത്തേക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഇടപെടലുകൾക്കാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. .ഇപ്പോഴിതാ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുൻഗാമിയുടെ അതേവഴിയിൽ സഞ്ചരിക്കുകയാണ്.
എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അനിശ്ചിതത്വത്തിലാക്കാൻ ഗവർണറുടെ ആലങ്കാരിക പദവിയായ ചാൻസലർ സ്ഥാനത്തെ ദുരുപയോഗം ചെയ്യുകയാണ് . ഗവർണറുടെ രാഷ്ട്രീയനീക്കങ്ങൾക്കെതിരെ നിരന്തരം നിയമയുദ്ധം നടത്തേണ്ട ഗതികേടിലാണ് സംസ്ഥാന സർക്കാർ. സമാന്തരഭരണ സംവിധാനമാണോയെന്നുപോലും തോന്നിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും രാജ്ഭവന്റെ പ്രവൃത്തികൾ.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ മാന്യതയ്ക്കും അന്തസ്സിനും നിരക്കുന്ന നടപടികളല്ല എൻഡിഎ സർക്കാരിനുകീഴിൽ കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർമാരുടെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരത്തിൽ രാജ്ഭവനെയും ഗവർണർ പദവിയേയും കേവലം രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി കരുവാക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെയുള്ള താക്കീതാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നുണ്ടായിരിക്കുന്നത്.
ചാൻസലർ പദവി എന്ന ചെങ്കോലിന്റെ പവറിൽ കേരളത്തിലെ വാഴ്സിറ്റികളെയും അതിലൂടെ മതേതര സമൂഹത്തെയും വരുതിയിലാക്കാമെന്നുള്ള ശ്രമത്തെ കേരള ജനത എന്ത് വിലകൊടുത്തും പ്രതിരോധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

