
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് അധ്യയന വർഷം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിചിത്രമായ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത്. ഒമ്പതാം ക്ലാസിലെ കുട്ടി ജയിച്ചോ എന്ന് അറിയുന്നതിന് മുൻപ് പുതിയ പുസ്തകം നൽകിയിട്ട് എന്ത് കാര്യമാണെന്ന ചെന്നിത്തലയുടെ ചോദ്യം ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാകാലങ്ങളായി പാഠപുസ്തകം വൈകുന്നതിനെതിരെ തെരുവിൽ സമരം നടക്കാറുള്ള കേരളത്തിൽ, ചരിത്രത്തിലാദ്യമായി പുസ്തകങ്ങൾ നേരത്തെ എത്തിച്ചതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്.
പരീക്ഷാ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും മന്ത്രി വി. ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നുമുള്ള ചെന്നിത്തലയുടെ പരിഹാസം കേട്ട് അമ്പരന്നിരിക്കുകയാണ് പൊതുജനം. വിദ്യാഭ്യാസ മേഖലയിലെ ക്രിയാത്മകമായ മാറ്റങ്ങളെ പോലും വെറും രാഷ്ട്രീയ കണ്ണടയിലൂടെ കണ്ട് വിമർശിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിരോധാഭാസമാണെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പരീക്ഷാ ഫലം വരുന്നതിന് മുൻപ് പുസ്തകം കൈയ്യിൽ കിട്ടുന്നത് കുട്ടികളിൽ പഠനത്തോടുള്ള താല്പര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുമെന്നിരിക്കെ, കുട്ടികൾ തോറ്റുപോകുമെന്ന് മുൻകൂട്ടി പ്രവചിക്കുന്ന ചെന്നിത്തലയുടെ നിലപാട് ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവിന് ചേർന്നതാണോ എന്ന ചോദ്യം ഉയരുന്നു.
ALSO READ : അതീവ സുരക്ഷാ മേഖലയിൽ മോഷണം; പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനകൊമ്പുകൾ മോഷണം പോയി
പുസ്തകം നേരത്തെ കൊടുക്കുന്നത് അത്ര വലിയ കാര്യമല്ലെന്നും പഴയ കാലത്ത് എഴുത്തോലയിൽ എഴുതി പഠിച്ചവരാണ് നമ്മളെന്നും പറഞ്ഞുകൊണ്ട് ആധുനിക വിദ്യാഭ്യാസ മുന്നേറ്റങ്ങളെ പുച്ഛിക്കാനാണ് അദ്ദേഹം തന്റെ പ്രതികരണത്തിലൂടെ ശ്രമിച്ചത്. കാലഹരണപ്പെട്ട വാദങ്ങൾ ഉയർത്തി ക്രിയാത്മകമായ വികസനങ്ങളെ തടയാൻ ശ്രമിക്കുന്ന ശുദ്ധ അസംബന്ധമായി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തലയുടെ വാദങ്ങൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


