
എസ് ഐ ആർ ജോലികൾക്ക് വിദ്യാർഥികളെ വിട്ടുനൽകണമെന്ന ആവശ്യത്തിൽ ന്യായീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോളൻ്റിയർമാരുടെ പങ്കാളിത്തം നിർബന്ധിതമല്ല. പഠനത്തിന് തടസം ഉണ്ടാവാത്ത രീതിയിൽ സ്വമേധയാ തയ്യാറാവുന്ന വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ERO ഉദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാൻ കുട്ടികൾക്ക് നൽകുന്ന ഒരു അവസരമാണെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞു.
സ്കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ (ELCs) ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. സംവേദനാത്മകമായ പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് മഹത്തായ തിരഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ ഭാഗമാവാനുള്ള വേദിയായിട്ടാണ് ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ക്ലബ്ബുകൾ യുവജനങ്ങളെ അവരുടെ തിരഞ്ഞെടുപ്പ് അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും വോട്ടർ രജിസ്‌ട്രേഷൻ, വോട്ടിംഗ് തുടങ്ങിയ പ്രക്രിയകൾ പരിചയപ്പെടുത്താനും സഹായിക്കുന്നു.
ഇവിടെ പഠനം വിനോദവുമായി സമന്വയിപ്പിച്ചാണ് പ്രവർത്തനം നടക്കുന്നത്. ജിജ്ഞാസ ഉണർത്തുന്നതിനും വിമർശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലാണ് പ്രവർത്തനങ്ങളും ഗെയിമുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവ വോട്ടർമാർക്കും ഭാവി വോട്ടർമാർക്കുമിടയിൽ തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിന്റെ സംസ്കാരം ശക്തിപ്പെടുത്തുകയെന്നതാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ELC-കളിലൂടെ ലക്ഷ്യമിടുന്നത്.
SIR പ്രവർത്തനങ്ങളിൽ ബിഎൽഒ-മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ജില്ലാ ഇലക്ടറൽ ഓഫീസർമാർ വോളണ്ടിയർമാരുടെ പിന്തുണ തേടുന്നുണ്ട്. ഈ വോളണ്ടിയർമാർ പ്രധാനമായും ഫോം വിതരണം, ഫോം പൂരിപ്പിക്കൽ, ഡിജിറ്റൈസേഷൻ സമയത്ത് BLO-മാരെ പിന്തുണയ്ക്കൽ എന്നിവയിൽ സഹായിക്കുന്നു. സന്നദ്ധതയും സമയവുമുള്ളവരെ മാത്രമേ ഇതിൽ ഉൾപ്പെടുത്തുന്നുള്ളൂ. പങ്കാളിത്തം പൂർണ്ണമായും സ്വമേധയാ ഉള്ളതാണ്, നിർബന്ധിതമല്ല.
SIR പ്രവർത്തനങ്ങൾക്കിടയിൽ, വോളണ്ടിയർമാരായി പ്രധാനമായും ELC-കളിലെ വിദ്യാർത്ഥികൾ, എൻഎസ്‌എസ് , സിവിൽ സർവീസ് ആസ്പിരൻ്റ്സ് തുടങ്ങി വലിയൊരു വിഭാഗം മുന്നോട്ട് വരുന്നുണ്ട്. ഇതിലൂടെ ജനാധിപത്യ പ്രക്രിയയുടെ മഹത്തായ പ്രായോഗിക പരിചയം സ്വമേധയാ അവർക്ക് ലഭിക്കുന്നു. പഠനത്തിന് തടസ്സമുണ്ടാവാതെ അദ്ധ്യാപകരുടെ സഹായത്തോടെ വർഷങ്ങളായി ഈ പ്രവർത്തനം നടന്നു വരുന്നു. കേരളത്തിലെ ഇലക്ടൊറൽ ലിറ്ററസി ക്ലബ്ബുകളുടെ പ്രവർത്തനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
സംസ്ഥാനത്ത് സ്കൂളിലും കോളേജുകളിലുമായി 1700 ലധികം ELC കൾ പ്രവർത്തിക്കുന്നുണ്ട്. അഗളി , അട്ടപ്പാടി, കോഴിക്കോട് മേഖലകളിൽ SIR പ്രവർത്തനങ്ങളിൽ ELC കളുടെ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. മികച്ച ELCകൾക്ക് സംസ്ഥാനം ദേശീയ വോട്ടവകാശ ദിനത്തിൽ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
SIR പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളുടെ സേവനം ഏലത്തൂർ ERO ആവശ്യപ്പെട്ടതായ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ താൻ നേരിട്ട് ERO യുമായി സംസാരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അധ്യാപകരുടെ സമ്മതത്തോടെ പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ സ്വമേധയാ തയ്യാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ERO ഉദ്ദേശിച്ചിരുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ആ വിദ്യാലത്തിൽ ELC പ്രവർത്തിക്കുന്നുമുണ്ട്. പഠനത്തെ ബാധിക്കാത്ത രീതിയിൽ മഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ താല്പര്യമുള്ള കുട്ടികൾക്ക് നൽകുന്ന ഒരവസരമാണെന്ന് ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

