കേന്ദ്രസര്‍ക്കാരിന്റെ തുടർച്ചയായ അവ​ഗണനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം

cm of kerala

കേരളത്തോട് വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന കടുത്ത അവഗണനയില്‍ നിയമസഭയില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതിന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

ലോകസമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ രാജ്യത്തിനു കെല്‍പ്പുണ്ടാവുന്നത് അതിലെ സംസ്ഥാനങ്ങളാകെ ഭദ്രവും വികസിതവും ഐശ്വര്യപൂര്‍ണവുമാവുമ്പോള്‍ മാത്രമാണ്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ല. ഭരണഘടന ത്രിതല ഭരണസംവിധാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത് ഈ ഫെഡറല്‍ തത്വമാണ്.

Also read : ‘ഇന്ത്യാ – യു എസ് കരാറിനെ പറ്റി പാർലമെൻ്റിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം’: എം വി ഗോവിന്ദൻ മാസ്റ്റർ

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല എന്നത് കേരളസമൂഹത്തെ ഒന്നാകെ നിരാശപ്പെടുത്തുന്നതാണ്. അതിനപ്പുറം രാജ്യത്തിന്റെ അന്തസ്സിനെ ലോക സമൂഹ മദ്ധ്യത്തില്‍ ഇടിച്ചുതാഴ്ത്തുന്നതുമാണ്.

ലോകശ്രദ്ധയാകര്‍ഷിച്ച വികസന പരിപ്രേക്ഷ്യം മുന്നോട്ടുവച്ച് രാജ്യത്തിനും ആഗോളസമൂഹത്തിനും മുന്നില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മുന്നോട്ടുവച്ച സംസ്ഥാനത്തോട് തുടര്‍ന്നുവരുന്ന അവഗണന ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അവഹേളിക്കുന്നതാണ്. നമ്മുടെ ജനാധിപത്യത്തെ തന്നെ സംശയിക്കാന്‍ പലര്‍ക്കും പഴുതുനല്‍കുന്നതുമാണ്.

Also read : ശബരിമല സ്വർണ്ണ മോഷണക്കേസ് ; ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകര്‍ച്ച പൊതു തളര്‍ച്ചയ്ക്കാവും വഴിവെക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങള്‍ക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാല്‍ യൂണിയന്‍ സര്‍ക്കാരിന്റെ വാര്‍ഷിക പൊതു ബജറ്റ് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നു.

കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ് സംസ്ഥാനത്തിന് ഒരു എയിംസ് വേണമെന്നുള്ളത്. ഇതിന് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ മിക്കവാറുമൊക്കെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കേന്ദ്ര ബജറ്റിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തികഞ്ഞ മൗനമാണുള്ളത്. കേരളത്തിന് ഒരു എയിംസ് അടിയന്തരമായി അനുവദിക്കണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Also read : കേന്ദ്രബജറ്റിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാർ; സഹകരിക്കാതെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി നടപ്പിലാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. 100 ശതമാനം കേന്ദ്ര സഹായം ലഭ്യമായിരുന്ന ഈ പദ്ധതിയെ VB-G RAM-G എന്ന പദ്ധതിയായി പരിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്ര സഹായത്തില്‍ 60 ശതമാനമായി കുറവ് വന്നിട്ടുണ്ട്. ഇതിലൂടെ കേരളത്തിന് ഉദ്ദേശം 3,800 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ഇത് കേരളത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുന്ന നടപടിയാണ്. ഇതിനു പുറമെയാണ് 2026-27 ലെ കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 88,000 കോടിയില്‍ നിന്നും 30,000 കോടിയായി കുറച്ചിട്ടുള്ളത്. കേരളം സ്തുത്യര്‍ഹമായി നടത്തിവരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ദേശീയ തലത്തിലെ അടങ്കലില്‍ വന്നിട്ടുള്ള 58,000 കോടി രൂപയുടെ വെട്ടിക്കുറവ് കേരളത്തെ സാരമായി ബാധിക്കുന്നതാണ്.

ഒട്ടനവധി യാത്രക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന കേരളത്തിന്റെ റെയില്‍വേ ശൃംഖല ഇപ്പോഴും വേഗം കുറഞ്ഞ അവസ്ഥയിലാണ് തുടരുന്നത്. 573 കിലോമീറ്റര്‍ ദൂരമുള്ള തിരുവനന്തപുരം – കാസര്‍ഗോഡ് മേഖലയില്‍ യാത്ര പൂര്‍ത്തീകരിക്കാന്‍ 13 മണിക്കൂറോളം വേണ്ടിവരും. ഇത് ഗണ്യമായി കുറച്ചുകൊണ്ടുവന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയില്‍പാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്.

Also read : ‘ഇന്ത്യാ – യു എസ് കരാറിനെ പറ്റി പാർലമെൻ്റിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം’: എം വി ഗോവിന്ദൻ മാസ്റ്റർ

നിര്‍ദ്ദിഷ്ട കോച്ചു ഫാക്ടറിയ്ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം റൂട്ടില്‍ മൂന്ന്, നാല് റെയില്‍വേ ലൈനുകള്‍ക്കുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നതും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളാണ്. ഇതും കേന്ദ്രം ചെവിക്കൊണ്ടില്ല.

രാജ്യത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വി.ജി.എഫ്) ഗ്രാന്റായി നല്‍കണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടും തിരിച്ചടവിന് വിധേയമായ വി.ജി.എഫ് ആണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും വി.ജി.എഫ് ഗ്രാന്റായി അനുവദിച്ച യൂണിയന്‍ സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് വി.ജി.എഫ് അനുവദിക്കുന്നതില്‍ തികച്ചും വിവേചനപരമായ സമീപനമാണ് സ്വീകരിച്ചത്.

Also read : കലക്കാൻ നോക്കി, കണക്കിന് കിട്ടി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക്

വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്താനുള്ള പോയ്ന്റ് ഓഫ് കാള്‍ ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ബഹു. പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കത്തുകളും നിവേദനങ്ങളും നല്‍കിയതാണ്.

പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല എന്നു മാത്രമല്ല കേന്ദ്ര നിയമത്തിലെ ഭേദഗതിയിലൂടെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള വകുപ്പ് റദ്ദു ചെയ്യുക കൂടി ചെയ്തു. പ്രകൃതിദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനതയോടുള്ള കേന്ദ്ര സമീപനത്തിനെതിരെ ബഹു. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുപോലും പരാമര്‍ശങ്ങള്‍ ഉണ്ടായി.

Also read : ‘ദീപ ജോസഫ് സൈബർ വെട്ടുകിളികൂട്ടത്തിന്റെ നേതാവ്’: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി ദിശാബോധത്തോടെ മുന്നോട്ടുനീങ്ങുന്ന കേരള സര്‍ക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുന്ന സമീപനമാണ് യൂണിയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നികുതിവരുമാനത്തിന്റെ നിശ്ചിത വിഹിതം പശ്ചാത്തല സൗകര്യ വികസനത്തിനു നീക്കിവെക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നയത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സംസ്ഥാനത്തിന്റെ കമ്പോള വായ്പാപരിധി വെട്ടിക്കുറയ്ക്കുകയാണു യൂണിയന്‍ സര്‍ക്കാര്‍.

2026-27 അവസാന പാദത്തില്‍ 5,944 കോടി രൂപയുടെ വെട്ടിക്കുറവാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ വരുത്തിയിട്ടുള്ളത്. ഇതിനു പുറമെയാണ് ഗ്യാരന്റി സിങ്കിംഗ് ഫണ്ടിന്റെ പേരില്‍ 3,323 കോടി രൂപ വെട്ടിക്കുറച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യ ഘട്ടത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങളെയും പശ്ചാത്തല വികസന സൗകര്യ ഉദ്യമങ്ങളെയും തുരങ്കം വെയ്ക്കുന്ന ഈ കേന്ദ്ര നടപടികള്‍ കേരളത്തോടു പുലര്‍ത്തിവരുന്ന പ്രതികാരബുദ്ധിയുടെ തുടര്‍ച്ചയാണെന്നത് നിസ്ത്തര്‍ക്കമാണ്. ഏറ്റവുമൊടുവില്‍ 16-ാം ധനകാര്യ കമ്മീഷന്‍ റവന്യൂ കമ്മി ഗ്രാന്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതും കേരളത്തിന് കനത്ത പ്രഹരമാണ്. ഗ്രാന്റ് വെട്ടിക്കുറച്ചതു വഴി കേരളത്തിന് 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ ലഭിച്ച 53,000 കോടി 16-ാം ധനകാര്യ കമ്മീഷന്റെ നടപടിയിലൂടെ ഇല്ലാതായി.

Also read : രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്; എത്തിക്സ് കമ്മിറ്റിയെ എതിരിടുമ്പോൾ പുറത്താകുന്ന ഇരട്ടത്താപ്പ്

ഐ ജി എസ് ടി ഇനത്തില്‍ ലഭിക്കാനുള്ള 965.16 കോടി രൂപ തടഞ്ഞുവെച്ചതും ജി എസ് ടി നിരക്കുകള്‍ കുറച്ചതു കാരണം വരുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യം ചെവിക്കൊള്ളാത്തതും, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിച്ചുവരുന്ന തെറ്റായ സമീപനത്തിന്റെ ഭാഗമാണ്.

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന് മാത്രമാണ് ഇത്തരമൊരു അധിക ബാധ്യത ഏറ്റെടുക്കേണ്ടിവന്നത്. ഈ തുക വായ്പാ പരിധിയില്‍പ്പെടുത്തി സംസ്ഥാനത്തിന് കമ്പോള വായ്പ എടുക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Also read : എൽഡിഎഫ് വികസന മുന്നേറ്റ ജാഥ: വടക്കൻ മേഖലാ ജാഥ കണ്ണൂരിൽ പര്യടനം തുടരും; തെക്കൻ മേഖലാ ജാഥ ഇന്ന് തൃശ്ശൂരിൽ

നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കാനുള്ള ഗ്രാന്റുകള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും അവഗണന ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന ഏതാനും ചില ഉദാഹരണങ്ങളാണ് ഈ പ്രമേയത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചുരുക്കുകയും കേന്ദ്രാവിഷ്‌ക്കൃത പദ്ധതികള്‍ക്ക് നല്‍കുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെയ്ക്കുകയും ഭൗതിക പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ഒരു പരിഗണനയും കേരളത്തിനു നല്‍കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം ഈ സഭ അറിയിക്കുകയാണ്.

Also read : എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഉജ്വല വരവേൽപ്പ്

സംസ്ഥാനത്തോടുള്ള കേന്ദ്രസമീപനം അടിയന്തിരമായി തിരുത്തുകയും കേരളത്തിന്റെയും ഇന്ത്യയുടെയാകെയും വികസനത്തിന് അനിവാര്യമായ ആവശ്യങ്ങളാണ് കേരളം ഉന്നയിക്കുന്നത്. ഇത് മനസ്സിലാക്കി കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

കേരളജനതയുടെ രാഷ്ട്രീയ ഭേദങ്ങള്‍ക്കതീതമായ പൊതു വികാരമാണ് ഈ പ്രമേയത്തിലുള്ളത്. രാജ്യത്തിന്റെയാകെ സമതുലിത വികസനം എന്ന സഹകരണ ഫെഡറലിസത്തിന്റെ ഭരണഘടനാ സത്തയാണിതിലുള്ളത്. ഇതു മനസ്സിലാക്കി കേരളത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ നീതി ഉറപ്പാക്കണമെന്ന് ഈ സഭ യൂണിയന്‍ സര്‍ക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News