‘കേരള രാഷ്ട്രീയത്തിലെ ജോർജ് സാറാണ് എന്‍ കെ പ്രേമചന്ദ്രന്‍’; കൊല്ലം എംപിയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ

S R ARUNKUMAR'S POST ABOUT N K PREMACHANDRAN

കൊല്ലം എംപി പ്രേമചന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ അരുൺബാബു. കൊല്ലം എം.പിയുടെ നിലവാരത്തകർച്ചയെ പറ്റി ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും എഴുതേണ്ടി വരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് എം.പിക്കെതിരെ ശക്തമായ രാഷ്ട്രീയ വിമർശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ ‘ജോർജ് സാറാണ്’ കൊല്ലം എം.പി എന്ന് വിമർശനം പരിഹസിക്കുന്നു.

വിദ്വേഷ പ്രസംഗങ്ങളൊന്നും പഴയതുപോലെ ഏൽക്കാതെ വന്നതിലുള്ള നിരാശയിൽ, ഒരു ദിവസം ഉറങ്ങി എഴുന്നേറ്റ ശേഷം എം.പി ഇപ്പോൾ DYFI – SFI സഖാക്കളുടെ അടിവസ്ത്രം തിരക്കി നടക്കുകയാണെന്ന് അദ്ദേഹം കുറിക്കുന്നു. സംഘപരിവാരത്തിന് ഇഷ്ടപ്പെടുന്ന ‘ബീഫ് രാഷ്ട്രീയം’ ഒന്ന് മൂപ്പിക്കാൻ നോക്കിയിട്ട് അത് പരാജയപ്പെട്ടതിൻ്റെ നിരാശയിലാണ് സഖാക്കളുടെ നെഞ്ചത്തേക്ക് കയറി നോക്കാൻ പ്രേമചന്ദ്രന് വെളിപാടുണ്ടായതെന്നും വിമർശനത്തിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

കേരള രാഷ്ട്രീയത്തിലെ ജോർജ് സാറാണ് കൊല്ലം എം.പി.
ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് കൊല്ലം എം.പിയുടെ നിലവാര തകർച്ചയെ പറ്റി എഴുതേണ്ടി വരുന്നത്. വിദ്വേഷ പ്രസംഗം ഒന്നും പഴയതുപോലെ ഏൽക്കാതെ വന്ന നിരാശയിൽ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റ ശേഷം DYFI – SFI സഖാക്കളുടെ അടിവസ്ത്രം തിരക്കി നടക്കുകയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ പണി. സംഘപരിവാരത്തിന് ഇഷ്ടപ്പെടുന്ന ‘ബീഫ് രാഷ്ട്രീയം’ ഒന്ന് മൂപ്പിക്കാൻ നോക്കിയിട്ട് പച്ച വെള്ളത്തിലിട്ട മൂപ്പിച്ച പപ്പടം പോലെ പൊളിഞ്ഞു പോയതിന്റെ നിരാശയിലാണ് സഖാക്കളുടെ നെഞ്ചത്തേക്ക് ഒന്ന് കയറി നോക്കാം എന്ന് പ്രേമചന്ദ്രന് വെളിപാടുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും വീതി കുറഞ്ഞ ദേശീയപാതയായി കൊല്ലം – ചെങ്കോട്ട ദേശീയപാത നിലനിൽക്കുകയും, ഒരിഞ്ച് സ്ഥലം ഏറ്റെടുത്തുള്ള വികസനത്തിന് ഒരടി മുന്നോട്ട് വയ്ക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന കഴിവുകേടിന്റെ പര്യായമാണ് കൊല്ലം എം. പി. പാർവതി മില്ലിന്റെ കാര്യത്തിലോ, കേന്ദ്രീയ വിദ്യാലയത്തിന്റെ കാര്യത്തിലോ, കശുവണ്ടി ഇറക്കുമതിയുടെ തലതിരിഞ്ഞ നയങ്ങൾക്കെതിരെയോ, മറ്റു ജില്ലകൾ അവകാശവാദം ഉന്നയിച്ച് ചർച്ച നടക്കുന്ന എയിംസിനു വേണ്ടിയോ, വൈദ്യുതവത്കരണം നടത്തിയ കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ പണ്ട് എം.പി തന്നെ വാഗ്ദാനം നൽകിയ വിസ്റ്റർഡാം കോച്ചിന് വേണ്ടിയോ, തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ പാതയായ കൊല്ലം- ചെങ്കോട്ട റെയിൽവേ പാതയിലൂടെ കൂടുതൽ ട്രെയിനോടിക്കുന്നതിന് വേണ്ടിയോ നാല് കൊല്ലംകാർ കേട്ടാൽ ‘കൊള്ളാം’ എന്ന് പറയുന്ന ഒരൊറ്റ നിലപാട് പ്രേമചന്ദ്രൻ ഇന്നേവരെ പാർലമെന്റിൽ പറഞ്ഞിട്ടില്ല. മറിച്ച് വാർത്തകളിൽ നിറയുന്നത് ‘പ്രവീൺ തൊഗാഡിയ ലൈറ്റ് ‘ പോലെ കൊച്ചു കൊച്ചു വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ്.
ഇന്ന് അദ്ദേഹം പ്രസംഗിച്ചത് DYFI – SFI സഖാക്കളുടെ മുണ്ട് മാറ്റി നോക്കിയാൽ കാവി കളസം കാണാമെന്നാണ്. പത്തൊമ്പതാമത്തെ വയസ്സിൽ രത്നഗിരിയിലെത്തി സവർക്കറെ കണ്ട നാഥുറാം വിനായക് ഗോഡ്സെ സവർക്കറോട് അടുത്തതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. നാഥുറാമിന്റെ വരുമാന മാർഗ്ഗത്തിനായി സവർക്കറും ആർ.എസ്.എസ് നേതാക്കന്മാരും നിർദ്ദേശിച്ച മാർഗം സംഘപരിവാർ പ്രവർത്തകരുടെ ട്രൗസർ തുന്നി നൽകലായിരുന്നു. ചരിത്രം ആവർത്തിച്ചുകൊണ്ട് കേരളത്തിലും തങ്ങളുടെ ഒക്ക ചങ്ങായി പ്രേമചന്ദ്രന് നാഗ്പൂരിൽ നിന്ന് കളസം തുന്നാനുള്ള ഓർഡർ ലഭിച്ചു എന്നാണ് കരുതുന്നത്. പക്ഷേ പ്രേമചന്ദ്രന് ആളു മാറിപ്പോയി, തപ്പാനുള്ള സ്ഥലവും മാറിപ്പോയി. കേരളത്തിൽ എത്ര കളസം വേണമെന്ന് കൃത്യമായി അറിയാവുന്ന ഒന്നാമത്തെയാളെ ഞങ്ങൾ പറഞ്ഞു തരാം. അടുത്ത യു.ഡി.എഫ് യോഗത്തിന് പോകുമ്പോൾ കണ്ണൂരിൽ നിന്ന് ഒരു കൂട്ടിലിട്ട് പല്ലുകൊഴിഞ്ഞ ‘സിമ്മത്തെ’ കൊണ്ടുവരും. ആയകാലത്ത് ശാഖയ്ക്ക് കാവൽ നിൽക്കലും, കളസം തുന്നിക്കൊടുക്കലുമൊക്കെയായിരുന്നു ജോലി. ഇപ്പോൾ ആർ.എസ്.എസിനും വേണ്ടതായെങ്കിലും പഴയ ബന്ധങ്ങൾ പൊടിതട്ടിയെടുത്താൽ അങ്ങേയ്ക്ക് ഉപകാരപ്പെടും. പിന്നെ രണ്ടാമത്തെയാൾ താങ്കളുടെ മുന്നണിയുടെ നേതാവ് V.D സതീശനാണ്. ഗോൾവാക്കറുടെ മുന്നിൽ ശിരസ്സു കുനിച്ച് ആദരവോടെ വിളക്ക് കൊളുത്തിയ സതീശനോട്‌ ചോദിച്ചാൽ എന്തായാലും കളസം വേണ്ടവരുടെ ലിസ്റ്റ് കിട്ടാതിരിക്കില്ല. എന്തായാലും പ്രേമചന്ദ്രൻജിക്ക് ആശംസകൾ. കേരളത്തിൽ നിന്ന് പൊതുവേ താങ്കൾക്ക് ഓർഡർ കുറഞ്ഞാലും, താങ്കളുടെ ഈ ബിസിനസ് മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഓർഡറെങ്കിലും ലഭിച്ച് ഒരു വരുമാന മാർഗമാകട്ടെ.
പിന്നെ കൊല്ലത്തെ ‘പാർവതിമിൽ’ ഇത്തരത്തിൽ തന്നെ കിടക്കുന്നതിന്റെ കാരണം ഇപ്പോഴാണ് പിടി കിട്ടിയത്. അങ്ങേക്ക് ഇങ്ങനെ ഒരു ബിസിനസ് ഉദ്ദേശമുള്ള സ്ഥിതിക്ക് പാർവതി മില്ലിന്റെ വിധി പറയേണ്ടതില്ലല്ലോ?
ഏതായാലും അങ്ങയുടെ വടിവൊത്ത ഭാഷയിലുള്ള വർഗീയ വിരുദ്ധ പ്രസംഗങ്ങൾ മറന്നു പോകരുത്. ഇടയ്ക്കൊക്കെ ഒന്ന് പ്രാക്ടീസ് ചെയ്യണം.എങ്കിലേ അടുത്ത ഇലക്ഷനും മാറിമാറി ഉപയോഗിക്കാൻ അതൊക്കെ ഉപയോഗപ്പെടൂ. ജോർജ് സാറിനെ പോലെ അങ്ങ് സോപ്പ് തേക്കാതെയും, കുറ്റി ഇടാതെയും കുളിക്കുന്ന മാന്യനാണെന്ന് ഒറ്റനോട്ടത്തിൽ ആളുകൾ തെറ്റിദ്ധരിക്കും.പക്ഷേ യഥാർത്ഥ അങ്ങയെ ഇപ്പോൾ കൊല്ലത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൂടി മനസ്സിൽ വച്ച് കുറച്ചുകൂടി ചിരി മുഖത്ത് പൂശി, പെട്ടെന്ന് ആർക്കും മനസ്സിലാകാത്ത രീതിയിലുള്ള വർഗീയത പറയുന്നതാവും കുറച്ചുകാലത്തേക്ക് എങ്കിലും ആളുകളെ പറ്റിക്കാൻ ഇനി നല്ലത്…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News