
ശബരിപാത നീട്ടുന്നത് ഗുണകരം എന്ന് കെ റെയിൽ. നെടുമങ്ങാട് വഴി ബാലരാമപുരത്തേക്ക് നീട്ടുന്നത് പ്രയോജനമാകുമെന്നാണ് കെ റെയിലിൻ്റെ നടത്തിയ പ്രാഥമിക പഠനം. റെയിൽ സാഗർ പദ്ധതിയിൽ ഇത് നടപ്പാക്കാനാകുമെന്നും കെ റെയിൽ പഠനം പറയുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ മലയോര കാർഷിക മേഖലയിൽ വലിയ മാറ്റം ഉണ്ടാകുകയും ചെയ്യും.
എരുമേലിയിൽ നിന്നാരംഭിക്കുന്ന പാത നെടുമങ്ങാടുവഴിയാണ് കടന്നു പോകുക. എരുമേലി മുതൽ ബാലരാമപുരം വരെ 160 കിലോമീറ്റർ ദൂരത്തിൽ 13 സ്‌റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്. അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമിറ്ററിൽ 14 സ്‌റ്റേഷനുകളും. എന്നാൽ ഈ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. ഇതു നീക്കിയാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഭൂമി ഏറ്റെടുക്കൽ ഉടൻ പുനരാരംഭിച്ച് ,എരുമേലിയിൽനിന്ന് പുനലൂർവരെയുള്ള പാതയ്ക്ക് ഡിപിആർ തയ്യാറാക്കും. പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാട്ടിലേക്കും മധ്യകേരളത്തിലേക്കും എളുപ്പത്തിൽ എത്താനുള്ള തന്ത്രപ്രധാന പാതയായി ഇത് മാറും.
2013ൽ റെയിൽവേ പ്രാഥമിക സർവേ നടത്തുകയും പിന്നീട് കുറഞ്ഞ വരുമാനം എന്ന് വിലയിരുത്തുകയുമായിരുന്നു. പിന്നീട് പദ്ധതി മുന്നോട്ടുപോയില്ല. എന്നാൽ ഇപ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായതോടെ ചരക്കുനീക്കത്തിനും യാത്രാസൗകര്യത്തിനും ഏറെ സാധ്യതയുണ്ടെന്നാണ് കെ റെയിലിൻ്റെ കണ്ടെത്തൽ. റെയിൽ സാഗർ പദ്ധതിയിൽ ഇതും നടപ്പിലാക്കാനാകും.
ബാലരാമപുരത്ത് വിഴിഞ്ഞം സീപോർട്ടിനായി യാർഡ് നിർമിക്കുന്നുണ്ട്. ഇത് സിഗ്നലിങ് സ്റ്റേഷനാക്കി മാറ്റുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

