ഓഡിറ്ററുടെ കള്ളക്കളി, കമ്മീഷണർ അടക്കം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചു

Agola Ayyappa samgamam Audit

ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റിങ്ങിന്റെ ബാലപാഠങ്ങൾ പോലും അറിയാതെ തയ്യാറാക്കിയത് . വിജയൻ അസോസിയേറ്റ്‌സ് എന്ന ഓഡിറ്റ് സ്ഥാപനമാണ് ഓഡിറ്റ് ചെയ്തത് . വിജയൻ അസോസിയേറ്റ്‌സിനെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ക്ലയന്റ് . കണക്കുകളിലെ അപാകതകൾ മനസ്സിലാക്കിയിട്ടും ക്ലയന്റിന്റെ വിശദീകരണം ഓഡിറ്റർ ഉൾക്കൊള്ളിച്ചില്ല . വിശദീകരണം ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ദേവസ്വം കമ്മീഷണറുടെ ഓഫീസ് വിശദീകരണം നൽകിയതുമില്ല. ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ചതായി പറയുന്ന ഓഡിറ്റ് റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് (ക്ലയന്റ് ) അന്തിമമായി അംഗീകരിച്ചിട്ടുണ്ടോ ? അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഏത് ദിവസം ചേർന്ന യോഗം ആണ് പ്രസ്തുത വരവ് ചിലവ് കണക്കുകൾ അംഗീകരിച്ചത് ? ദേവസ്വം ബോർഡ് യോഗം അംഗീകരിക്കാത്ത ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥനോ സ്പെഷ്യൽ കമ്മീഷണറോ ഹൈക്കോടതിക്ക് സമർപ്പിച്ചുവെങ്കിൽ അതിന് നിയമപരമായ പിൻബലം ഉണ്ടോ ? ഹൈക്കോടതി പരിശോധിക്കുന്നതിന് മുൻപ് മാതൃഭൂമി അടക്കമുള്ള സർക്കാർ വിരുദ്ധ പത്രങ്ങൾക്ക് റിപ്പോർട്ട് നൽകിയത് എന്തിനാണ് എന്ന് റിപ്പോർട്ട് കയ്യിലുണ്ടായിരുന്ന വിജയൻ അസോസിയേറ്റ്‌സൊ ദേവസ്വം കമ്മീഷണറോ വിശദീകരിക്കുമോ ? വാർത്തകളിലൂടെ കോടതിയെ സ്വാധീനിക്കണമെന്ന രാഷ്ട്രീയ ദുരുദ്ദേശം ഇവരിൽ ഒരാൾക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഇതൊരു രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള ഓപ്പറേഷൻ ആണ് .

ചോദ്യങ്ങൾ ഏറെയാണ്

  1. കണക്കുകളിൽ ആശയക്കുഴപ്പം ഉള്ള കാര്യങ്ങളിൽ വ്യക്തത വരുത്താതെ വിജയൻ അസ്സോസിയേറ്റ്‌സോ ദേവസ്വം കമീഷണറോ എന്തിന് സർക്കാർ വിരുദ്ധ മാധ്യമങ്ങളുമായി ഓഡിറ്റ് റിപ്പോർട്ട് പങ്കുവെച്ചു ?
  2. ‘മാധ്യമങ്ങൾക്ക് നൽകി’ എന്നതാണ് വിശദീകരണം എങ്കിൽ എന്തുകൊണ്ട് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ കനഗോലു പണം നൽകി എഴുതിക്കുന്ന സർക്കാർ വിരുദ്ധ മാധ്യമങ്ങളെ പ്രത്യേകം തെരഞ്ഞെടുത്ത് നൽകി ?
  3. തെറ്റായ കണക്കുകലാണെന്ന് ബോധ്യപ്പെട്ടിട്ടും അവ ശരിയാണോ എന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിശോധിക്കാതെ അതേപടി ഓഡിറ്റിൽ തിരുകിക്കയറ്റിയതിലൂടെ വിജയൻ അസോസിയേറ്റ്‌സ് കൃത്യവിലോപം മാത്രമല്ല കാട്ടിയത്, രാഷ്ട്രീയ ഉപജാപ പ്രവർത്തനത്തിൽ പങ്കാളിയാവുക കൂടിയാണ്
  4. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിലെ ചില താപ്പാനകളും വിജയൻ അസോസിയേറ്റ്സുമായി കൂട്ടു ചേർന്നിട്ടുണ്ട് . അവർ കോൺഗ്രസ്സിന്റെ ദേവസ്വം സംഘടനയിൽ പെട്ടവരാണ് . കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ തീട്ടൂരം അനുസരിച്ച് പ്രവർത്തിക്കുന്ന ഇത്തരം പുഴുക്കുത്തുകളെ ദേവസ്വം ബോർഡ് ഉടൻ പുറത്താക്കേണ്ടതല്ലേ ?
  5. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം പതിനേഴിന് യോഗം ചേരുന്നുണ്ട്. ബോർഡ് യോഗത്തിനു ശേഷം പ്രസിഡണ്ട് പത്ര സമ്മേളനം നടത്തി ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടതല്ലേ? ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ വരെ തടഞ്ഞു വെക്കുന്നവർ ദേവസ്വം ബോർഡിൽ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ദേവസ്വം ബോർഡ് അത്തരക്കാർക്കെതിരെയും നടപടി എടുക്കുമോ ?
  6. ‘നന്ദഗോവിന്ദം ഭജൻസ്’ പാടാൻ എത്തിയിട്ടില്ല എന്നത് സാധാരണ കാര്യം പോലെ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് അറിയാവുന്ന കാര്യമാണ്. വൗച്ചർ ഇല്ല എന്നത് കൊണ്ട് നന്ദ ഗോവിന്ദം ഭജൻസിന് തുക നൽകിയിട്ടില്ല എന്ന് മനസിലാക്കാം. പകരം പാടാൻ വന്ന ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്ക് തുക പോവുകയും ചെയ്തിട്ടുണ്ട് . സാമാന്യ ബുദ്ധിയുള്ള ഒരു ഓഡിറ്റർ എങ്ങനെയാണ് നന്ദഗോവിന്ദം ഭജൻസിന്റെ പേര് എഴുതിവെക്കുന്നത് ? തുക നൽകി എങ്കിൽ voucher അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ കാണണ്ടേ ? അതായത് ഇവന്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട IIIC യുടെ അക്കൗണ്ടിൽ നിന്ന് നന്ദഗോവിന്ദം ഭജൻസിന്റെ അക്കൗണ്ടിലേക്ക് തുക പോകണം. ഇങ്ങനെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇഷാൻ ദേവിന് ടി ഡി എസ് കട്ട് ചെയ്തിട്ടാണ് പണം നൽകിയത് . എന്നിട്ടും എങ്ങനെ നന്ദഗോവിന്ദം ഭജൻസിന്റെ പേര് റിപ്പോർട്ടിൽ വന്നു ?. ക്ലയന്റി( ദേവസ്വം ബോർഡ്) നോട് ചോദിക്കാതെ ഓഡിറ്റ് എഴുതിയതിലൂടെ വിജയൻ അസോസിയേറ്റ്‌സ് രാഷ്ട്രീയ ദുരുദ്ദേശം ആണ് കാണിച്ചത്
  7. ഫിസിക്കൽ പരിശോധന നടത്താതെ ഓഡിറ്റർ എങ്ങനെയാണ് പണം ദുർവ്യയം ചെയ്തു എന്ന് എഴുതിവെക്കുന്നത് ? പാരഗ്രാഫ് ആറിൽ ‘We have not carried out physical verification of assets’ എന്ന് എഴുതിവെച്ചിട്ടുണ്ട്. പതിനഞ്ച് മേശ വാങ്ങി എന്നാൽ മെഷർമെൻറ് ബുക്കിൽ അത് കാണുന്നില്ല. നാലെണ്ണമേ ബുക്കിൽ ഉള്ളൂ . തുടർന്ന് പതിനഞ്ച് എണ്ണം അധികമായി എത്തിച്ചു . ആകെ മേശയുടെ എണ്ണം പത്തൊൻപത് ആയി . മേശ കാണുന്നില്ല എന്ന് മെഷർമെന്റ് ബുക്കിൽ ഉണ്ടെങ്കിൽ അടുത്ത നടപടി ആയി സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തി സാധനം ഉണ്ടോ എന്ന് വീണ്ടും പരിശോധിക്കണ്ടേ ?
  8. പണം ദുർവ്യയം ചെയ്തു എന്ന് സ്ഥാപിച്ചു എങ്കിലും അവ പരിശോധിക്കാൻ ഓഡിറ്റർക്ക് തോന്നിയില്ല. സബ് കോൺട്രാക്ടർമാർക്ക് യഥാർത്ഥത്തിൽ ഉണ്ടായ ചിലവുകൾ പരിശോധിക്കാൻ ഓഡിറ്റർക്ക് സാധിച്ചിട്ടില്ല എന്ന് സ്പെഷ്യൽ കമീഷണർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. IIIC യും സബ് കോൺട്രാക്ടർമാറും തമ്മിലുള്ള കരാറുകൾ ഒത്തുനോക്കി ഉറപ്പുവരുത്താൻ ഓഡിറ്റർക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെ പറയുമ്പോൾ യഥാർത്ഥത്തിൽ ഉണ്ടായ ചിലവുകൾ പരിശോധിക്കാൻ ഓഡിറ്റർക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ശരി. അപൂർണമായ ഈ ഓഡിറ്റ് റിപ്പോർട്ടിന് ആധികാരികത ഇല്ല എന്നല്ലേ കാണേണ്ടത് ? ഈ ഓഡിറ്റ് റിപ്പോർട്ട് അതുകൊണ്ടു തന്നെ ദേവസ്വം ബോർഡിന് സമർപ്പിച്ചിരുന്നു എങ്കിൽ അവർ മടക്കി അയച്ച് കൃത്യത വരുത്താൻ ആവശ്യപ്പെടുമായിരുന്നില്ലേ ?
  9. രാഷ്ട്രീയ കുറുക്കന്മാർ കള്ളത്തരം കാണിക്കുമ്പോൾ അതിബുദ്ധി കാണിക്കും. അതാണ് ‘മുഖ്യമന്ത്രിക്ക് കിടക്കാനുള്ള കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ’ എന്ന ആരോപണം . രാഷ്‌ട്രപതി അടക്കം വരുമ്പോൾ ഉപയോഗിക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണത്തിന് ചിലവാക്കിയ പണമാണ് മുഖ്യമന്ത്രിക്കുള്ള കട്ടിൽ എന്നാക്കി മാറ്റിയത്. ഈ കട്ടിൽ ഇട്ടിട്ടുള്ളത് അന്നേ ദിവസം മുഖ്യമന്ത്രി കിടന്ന മുറിയിലും ആയിരുന്നില്ല. ഇത് മാതൃഭൂമി പത്രവും ചാനലും നടത്തിയ ട്വിസ്റ്റ് ആണ്.
  10. IIIC അഥവാ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ് അയ്യപ്പ സംഗമം കരാർ നൽകിയത്. ഇത് ഊരാളുങ്കലിന്റെ സഹോദര സ്ഥാപനം അല്ല. സംസ്ഥാന ലേബർ വകുപ്പിന് കീഴിലെ സ്ഥാപനം ആണ്. നിലവിൽ ഈ സ്ഥാപനത്തിന്റെ ഓപ്പറേഷൻ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ ആണെന്ന് മാത്രം . ദേവസ്വം ബോർഡ് കരാർ നൽകിയിരിക്കുന്നത് തൊഴിൽ വകുപ്പിന് കീഴിലെ IIIC ക്കാണ് . ബോർഡിലെ പരിമിതമായ ഉദ്യോഗസ്ഥരെക്കൊണ്ടു മാത്രം അതീവ സങ്കീർണമായ ഈ പരിപാടി നടത്തി വിജയിപ്പിക്കാൻ കഴിയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് കിഫ്‌ബി എംപാനൽ അംഗീകാരം ഉള്ള തൊഴിൽ വകുപ്പിന് കീഴിലുള്ള IIIC യെ ദേവസ്വം ബേർഡ് ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയായി കരാർ നൽകിയത് .പരിമിത സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോകമെമ്പാടും ഉള്ള അതിഥികൾ, കലാകാരന്മാർ, അവരുടെ താമസ സൗകര്യം അടക്കം നൂറായിരം പ്രശ്നങ്ങൾ ഏറ്റെടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരു സർകാർ ഏജൻസിയെ ഏൽപ്പിച്ചതിൽ ഒരു തെറ്റും ഇല്ല
  11. നവംബർ ഏഴിന് ജില്ലാ ജഡ്ജി ആയ ശബരിമല സ്പെഷ്യൽ കമ്മീഷണർ കേരള ഹൈക്കോടതിയിൽ നൽകിയ നൽകിയ റിപ്പോർട്ടിൽ പറയുനന്ത ദേവസ്വം ബോർഡ് അഡ്വാൻസ് ആയി നൽകിയ മൂന്നു കോടി രൂപ തിരിച്ചു കിട്ടി എന്നാണ് . എന്നാൽ ഇക്കഴിഞ്ഞ ദിവസം ഇതേ സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ദേവസ്വം ബോർഡ് ജനറൽ ഫണ്ടിൽ നിന്ന് നൽകിയ രണ്ടു കോടി തിരികെകിട്ടിയില്ല എന്നും. പണം തിരികെ ലഭിച്ചു എന്ന് നവംബറിൽ പറഞ്ഞ അതേ വ്യക്തി ഫെബ്രുവരിയിൽ തിരികെ കിട്ടിയില്ല എന്ന് പറയുന്നു. ഇതെങ്ങനെ ?
  12. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ദേവസ്വം ബോർഡിൽ നിന്ന് ലഭിച്ച ജനറൽ ഫണ്ടിൽ വകയിരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് യാതൊരു സ്ഥിരീകരണവും ഇല്ല. ഇൻപുട് ടാക്സ് ക്രെഡിറ്റ് ഭാവിയിൽ ദേവസ്വം ബോർഡിന്റെ ബാധ്യതകൾ തീർക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
  13. മൂന്നു കോടി രൂപ മാത്രമാണ് ചിലവഴിച്ചത് എന്ന് ദേവസ്വംബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് പറയുന്നു. ഈ മൂന്നു കോടി രൂപ പൂർണ്ണമായും സ്പോൺസർഷിപ്പായി കിട്ടിയതാണ് . ഒരു കോടി രൂപ കൂടി സ്‌പോൺസർഷിപ് ആയി വന്നിട്ടുണ്ട്. ചിലവ് ആയ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണർ 4.11.2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജി എസ് ടി യും എന്നാണ്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചിലവായി എന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്ന കണക്കിൽ പറയുന്നത് . എങ്ങനെയാണ് കള്ളക്കണക്ക് ഓഡിറ്റർ നൽകിയത് എന്ന് അന്വേഷിക്കപ്പെടണം.
  14. അയ്യപ്പ സംഗമം അവസാനിച്ച ദിവസം കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തു എന്ന നീചമായ ആരോപണം മനോരമ ഉന്നയിക്കുന്നു. അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തിൽ നടക്കുന്ന സംഗമം ആയതിനാൽ ഭക്ഷണത്തിൽ വിവേചനം ഉണ്ടാകാൻ പാടില്ല എന്ന നിലപാട് ദേവസ്വം സ്വീകരിച്ചു . ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തർ, ദിവസ വേതന തൊഴിലാളികൾ, ഡോളി തൊഴിലാളികൾ തുടങ്ങി ഭക്ഷണ ശാലയിൽ എത്തിയ എല്ലാവർക്കും ഭക്ഷണം നൽകിയിരുന്നു. കണക്കാക്കിയ സംഖ്യയുടെ ഇരട്ടിയിൽ അധികം ആളുകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട് .

അയ്യപ്പ സംഗമം ധൂർത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ല. കാലത്തിന്റെ ആവശ്യമായ മഹത്തായ ഒരു സംരംഭം ആയിരുന്നു അത്. ശബരിമലയുടെ യശസ്സും മഹത്വവും ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമം ആയിരുന്നു അത് . കൊടിമരം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ പ്രതികൾ ആകുന്ന സാഹചര്യത്തിൽ തെറ്റായ കണക്കുകൾ ഉദ്ധരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം ആണ് നടത്തുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് രാഷ്ട്രീയ കുബുദ്ധികൾ ആണ്. സാമൂഹ്യ മാധ്യമങ്ങളിൽ ശരിയായ വസ്തുതകൾ പ്രചരിപ്പിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News