
2019 ൽ ശബരിമലയിൽ ഉണ്ടായത് ഗുരുതര വീഴ്ച എന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. 2019 ജൂലൈ 19, 20 തീയതികളിലായി ദ്വാരപാലക ശില്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടു എന്ന് മഹസർ. ഈ ദിവസങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഉണ്ടായിരുന്നില്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തൽ.
ദ്വാരപാലക ശില്പങ്ങൾ കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ 2 സുഹൃത്തുക്കൾ ആണ്. അനന്ത സുബ്രഹ്മണ്യം, രമേശ് റാവു എന്നിവരാണ് ദ്വാരപാലക ശില്പങ്ങൾ കൊണ്ടുപോയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് എഴുതി ഒപ്പിട്ടതും ഇവർ തന്നെ എന്നും കണ്ടെത്തൽ.
അതേസമയം ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റി ഉരുക്കി വിറ്റ സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 2019 ൽ ദേവസ്വം ബോർഡ് ഉത്തരവ് ദേവസ്വം ജീവനക്കാർ തിരുത്തി. സ്വർണ്ണപ്പാളി നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടരുത് എന്ന് 2019-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർണ്ണായകമായ തീരുമാനമെടുത്ത് ഉത്തരവിറക്കിയിരുന്നു. എന്നാൽ ദേവസ്വം ബോർഡ് മാനുവലിന് വിരുദ്ധമായി, ഈ ഉത്തരവ് ദേവസ്വം ബോർഡ് ജീവനക്കാർ തിരുത്തുകയായിരുന്നു. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി ആയിരുന്ന ജയശ്രീയാണ് ഉത്തരവ് തിരുത്തിയത് എന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ തന്നെ സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ നിർദ്ദേശം നൽകിയതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലെ ദ്വാരപാലകന്മാരുടെ 14 സ്വർണ്ണപ്പാളികൾ 2019 ജൂലൈ 20-ന് ഇളക്കി മാറ്റിയിരുന്നു. ഈ സ്വർണ്ണപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകുന്നതിനിടയിലുള്ള 39 ദിവസങ്ങൾക്കുള്ളിൽ ഉരുക്കി മാറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

