
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള ഓൺലൈനായാണ് തന്ത്രിക്കുവേണ്ടി ഹാജരായത്. കേസിൽ പ്രോസിക്യൂഷന്റെ വാദം നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.
ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് യാതൊരുവിധ ഇടപെടൽ നടത്താൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ കണ്ടെത്തലുകളെ പ്രതിഭാഗം ശക്തമായി എതിർത്തു.
ALSO READ : ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി കെ പി ഉദയഭാനു; പണമിടപാടുകളിൽ വ്യക്തത വേണമെന്ന് ആവശ്യം
ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള ബന്ധമാണ് സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്ന എസ്‌ഐടിയുടെ വാദത്തെയും പ്രതിഭാഗം ചോദ്യം ചെയ്തു. അത്തരത്തിൽ ഒരു ബന്ധം ഇവർ തമ്മിൽ ഉണ്ടായിരുന്നെങ്കിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നിൽക്കേണ്ടി വരില്ലായിരുന്നുവെന്നും, തന്ത്രിക്ക് പോറ്റിയെ ഉയർന്ന സ്ഥാനങ്ങളിലൊ തനിക്കൊപ്പമോ നിർത്താമായിരുന്നുവെന്നും ബി. രാമൻപിള്ള വാദിച്ചു.കേസിൽ നാളെ പ്രോസിക്യൂഷൻ വാദം കൂടി കേട്ട ശേഷം ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


