
ശബരിമല സ്വർണ്ണ മോഷണ കേസിലെ VSSC യുടെ ശാസ്ത്രീയ പരിശോധനയിൽ ഗുരുതര കണ്ടെത്തലുകളെന്ന് ഹൈക്കോടതി. കുറ്റകൃത്യം ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞു. രണ്ടു പതിറ്റാണ്ടു കാലത്തെ ദേവസ്വം ഭരണത്തിലും കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം വേണമെന്നും കോടതിയുടെ ഇടക്കാല ഉത്തരവ്. രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി SIT വിപുലീകരിച്ചു. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടും VSSC യുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടും പഠിച്ച ശേഷമാണ് ദേവസ്വം ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്.
കേസിലെ കുറ്റകൃത്യം ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞതായി കോടതി വിലയിരുത്തി. ആദ്യം മുതലുള്ള കോടതിയുടെ ആശങ്കകളിൽ അടിസ്ഥാനമുണ്ട്. സ്വർണപ്പാളി മാറ്റി ചെമ്പുപാളി സ്ഥാപിച്ചെന്നും വ്യക്തമായി. രണ്ടു പതിറ്റാണ്ടു കാലത്തെ ദേവസ്വം ഭരണത്തിലും 2017 ൽ കൊടിമരം പുനപ്രതിഷ്ഠ നടത്തിയതിലും അന്വേഷണം വേണമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.
അഷ്ടദിക് പാലകരുടെ ശില്പങ്ങളിലും അന്വേഷണം വേണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ഇതോടെ UDF കാലത്തെ ദേവസ്വം ബോർഡും സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. സ്വര്‍ണ്ണക്കവര്‍ച്ചയുടെ സാങ്കേതിക വിവരങ്ങള്‍ മുഴുവനായി ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസിൽ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് SIT കോടതിയെ അറിയിച്ചു. ഉരുക്കിയ സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള തെളിവുകൾ കണ്ടെത്താനുണ്ട്. VSSC യിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്നും കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഇത് മനസിലാക്കിയെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഇതുവരെ 202 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി.
ചില പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തുക്കള്‍ കണ്ടെത്തുന്നതിലും പരിശോധന തുടരുകയാണെന്നും എസ്‌ഐടി അറിയിച്ചു. തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടത്തിയ വാജിവാഹനം പഞ്ചലോഹത്തില്‍ നിര്‍മ്മിച്ചതാണെന്നും 10.68 കിലോഗ്രാം ആണ് വാജിവാഹനത്തിന്റെ ആകെ ഭാരമെന്നും എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് നൽകി. അന്വേഷണം സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി SIT വിപുലീകരിക്കാനും കോടതി അനുമതി നൽകി. കോടതി നിർദ്ദേശപ്രകാരം എസ് ഐ ടി സംഘം പരിശോധനയ്ക്കായി ചൊവ്വാഴ്ച ശബരിമലയിൽ എത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


