
ശബരിമല സ്വര്‍ണമോഷണ കേസിലെ പങ്കജ് ഭണ്ഡാരിയുടെയും ഗോവർദ്ധന്റെയും റിമാന്‍ഡ് റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഇരുവർക്കും സ്വർണ മോഷണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പ്രതികളിൽ നിന്ന് 470 ഗ്രാം സ്വർണ്ണവും നിർണായകമായ തെളിവുകളും കണ്ടെത്തിയതായും പ്രത്യേക അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശബരിമല സ്വർണ മോഷണ കേസുമായി ബന്ധപ്പെട്ട് സ്വർണ്ണം ഉരുക്കിയ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനും അറസ്റ്റിലായിരുന്നു. ഇവരുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും സ്വർണ്ണ മോഷണത്തിൽ നേരിട്ട് പങ്ക് ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.
പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്തിയെന്നും പ്രത്യേക അന്വേഷണസംഘം ചൂണ്ടിക്കാട്ടി. കുറ്റം മറയ്ക്കുന്നതിലും ഇരുവർക്കും പങ്ക് ഉണ്ട്. പ്രതികളിൽ നിന്നും സ്വർണ്ണം കണ്ടെത്തി. 470 ഗ്രാം സ്വർണ്ണമാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനിൽ നിന്നും കണ്ടെത്തിയത്. ഇവ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് നിർണ്ണായകമായിരുന്നെന്നും പ്രത്യേക അന്വേഷണസംഘം റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യസൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ചോദ്യം ചെയ്യിലിലാണ് പങ്കജ് ബണ്ടാരി ഗോവർദ്ധൻ എന്നീ പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയത്. തുടർന്ന് ഇവരെ പ്രതിചേർത്ത് ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തെ വഴിതെറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് നൽകിയത്. മറ്റു പ്രതികളെ വിശദമായി ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങളും തെളിവുകളും ലഭിച്ചതോടെയാണ് ഇരുവരെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

