കൃത്യസമയത്ത് പുസ്തകം എത്തിച്ചത് കുറ്റമോ?; പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

saji cherian and ramesh chennithala

ഇടത്പക്ഷ സർക്കാർ നിലവിൽ വന്ന ശേഷം ഏറ്റവും കൂടുതൽ പുരോ​ഗമനം കൈവരിച്ചിരിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയാണ്. അതിന്റെ ഭാഗമായാണ് അടുത്ത അദ്ധ്യായന വർഷം ആരംഭിക്കും മുൻപ് തന്നെ കുട്ടുികൾക്ക് കൃത്യമായി പാഠ പുസ്തകങ്ങളും യൂണിഫോമും എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ പുതിയ തീരുമാനത്തിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾക്ക് പാഠ പുസ്തകങ്ങൽസ വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ അതിന്റെ പേരിൽ രമേശ് ചെന്നിത്തല പ്രതികരിച്ചത് പരിഹാസപൂർവ്വമായിരുന്നു. തുഗ്ലക്ക് പരിഷ്കാരം എന്ന അപരിഷ്കൃതമായ രീതിയിലുള്ള ചെന്നിത്തലയുടെ വിമർശനത്തിനെതിരെ മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അ​ദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ആർജ്ജിച്ച കരുത്തിനെയും ഇടതുപക്ഷ സർക്കാരിന്റെ മികവിനെയും പരിഹസിക്കാനിറങ്ങിയ ശ്രീ. രമേശ് ചെന്നിത്തലയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. ഒൻപതാം ക്ലാസിലെ കുട്ടി ജയിച്ചോ എന്നറിയുന്നതിന് മുൻപേ പാഠപുസ്തകം നൽകുന്നത് ‘തുഗ്ലക്ക് പരിഷ്കാരം’ ആണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം. അടുത്ത അധ്യയന വർഷത്തേക്ക് കൃത്യസമയത്ത് പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നത് ഒരു ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ അടയാളമാണ്. യുഡിഎഫ് ഭരണകാലത്തെ അനാസ്ഥയിലും അനിശ്ചിതത്വത്തിലും ശീലിച്ചുപോയവർക്ക് ഈ വേഗത ദഹിക്കില്ല എന്നത് സ്വാഭാവികം മാത്രമാണ്. യുഡിഎഫ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഒരു ‘ഈജിയൻ തൊഴുത്താണെന്ന്’ വിശേഷിപ്പിച്ചത് ഇടതുപക്ഷമല്ല, സാക്ഷാൽ കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം തന്നെയായിരുന്നു എന്നത് കേരളം മറന്നിട്ടില്ല. അത്രമേൽ കെടുകാര്യസ്ഥതയിൽ മുങ്ങിക്കിടന്ന ഒരു വകുപ്പിനെയാണ് ഇടതുപക്ഷ സർക്കാർ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്.

Also read : “ഓണപ്പരീക്ഷയായിട്ട് പോലും പുസ്തകം കൊടുക്കാതിരുന്നിട്ട് ‘ഇത്തവണ ഓണം നേരത്തെ വന്നത് കൊണ്ടാണെന്ന്’ ന്യായീകരിച്ച വിദ്യാഭ്യാസമന്ത്രി ഉണ്ടായിരുന്ന മുന്നണിയാണ് UDF”: മന്ത്രി എം ബി രാജേഷ്

യുഡിഎഫ് കാലത്ത് ആകെ ഒരു തവണ മാത്രമേ പുസ്തകം വൈകിയിട്ടുള്ളൂ എന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവകാശപ്പെടുന്നത്. എന്നാൽ കേരളത്തിലെ പൊതുജനത്തിന് അത്രവേഗം മറവി സംഭവിക്കില്ല എന്ന് അദ്ദേഹം ഓർക്കുന്നത് നന്നായിരിക്കും. അന്ന് പാഠപുസ്തകങ്ങൾ കൃത്യസമയത്ത് അച്ചടിക്കാതെ വിദ്യാർത്ഥികളെ തെരുവിലിറക്കിയതും, പഠനം മുടങ്ങാതിരിക്കാൻ എസ്എഫ്ഐ പ്രവർത്തകർ എത്തിച്ച പുസ്തകങ്ങൾ യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾ തെരുവിൽ വലിച്ചെറിഞ്ഞതും ഇവിടുത്തെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. ഓണപ്പരീക്ഷ വൈകിയപ്പോൾ അത് എന്ന് നടക്കും എന്ന് ചോദിച്ചപ്പോൾ ‘ഓണം നേരത്തെ വന്നതാണെന്ന്’ പരിഹസിച്ചു പറഞ്ഞ ഒരു വിദ്യാഭ്യാസ മന്ത്രി യുഡിഎഫിനുണ്ടായിരുന്നു. അത്തരം വിചിത്രമായ വാദങ്ങൾ കേട്ടു ശീലിച്ചവർക്ക് ഇന്ന് പുസ്തകം നേരത്തെ നൽകുന്നത് വലിയ അപരാധമായി തോന്നുന്നതിൽ അത്ഭുതമില്ല.

യുഡിഎഫ് കാലത്ത് ഓരോ വർഷവും പുസ്തകമില്ലാതെ കുട്ടികൾ നെട്ടോട്ടമോടിയ വാർത്തകൾ ഇന്നും ഗൂഗിളിൽ തിരഞ്ഞാൽ ആർക്കും കാണാൻ സാധിക്കും. അവിടെ നിന്നാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ നമ്മുടെ സ്കൂളുകളെ ഹൈടെക് ആക്കിയതും ലോകനിലവാരത്തിലേക്ക് ഉയർത്തിയതും. ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമായാണ് പരീക്ഷയ്ക്ക് മുൻപേ പുസ്തകങ്ങൾ തയ്യാറാകുന്നത്. പുരോഗമനപരമായ ഈ നീക്കങ്ങളെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വഴി സ്വന്തം പാർട്ടിയുടെ ഭരണകാലത്തെ ഇരുളടഞ്ഞ അവസ്ഥയെയാണ് നിങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ഇത്തരം പിന്തിരിപ്പൻ പരിഹാസങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News