
തീവ്രവാദത്തിനും മതവർഗീയതക്കും മതരാഷ്ട്രവാദത്തിനുമെതിരെ എക്കാലവും നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് ജംഇയ്യത്തുൽ ഖുത്വബ സംസ്ഥാന ജനറൽ സെക്രട്ടറി സുലൈമാൻ ദാരിമി ഏലംകുളം പ്രസ്താവനയിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം രാജ്യത്ത് വിലപോവില്ല. ജമാഅത്ത് നിലപാടുകൾക്കെതിരെ പ്രതികരിച്ച സമസ്ത നൂറാം വാർഷിക സമ്മേളന പ്രമേയത്തെ ആക്ഷേപിച്ചുകൊണ്ടുള്ള ജമാഅത്ത് നേതാവിന്റെ ലേഖന ആശയങ്ങൾ സമുദായം അകറ്റിനിർത്തുകയേ ഉള്ളൂ എന്നും പ്രസ്താവനയിൽ പറയുന്നു.
വിശ്വാസകാര്യങ്ങളിൽ വികലമായ നയം സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ എല്ലാകാലവും സമസ്ത എതിർത്തിട്ടുണ്ട്. മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ വിഭാഗം ജനങ്ങളുമായി ഒത്തൊരുമിച്ചു പോകണം എന്നതാണ് സമസ്തയുടെ നയം. ഇതിന് വിഘാതം ഉണ്ടാക്കുന്ന ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സുലൈമാൻ ദാരിമി പറഞ്ഞു.
ജമാഅത്തിൻ്റെ വികല ആശയങ്ങളെ സമസ്ത പതിറ്റാണ്ടുകൾ മുമ്പേ തിരിച്ചറിഞ്ഞ് പ്രതികരിച്ചിട്ടുണ്ടെന്നും ജംഇയ്യത്തുൽ ഖുത്വബ പ്രസ്താവനയിൽ പറയുന്നു. 1950ൽ വളാഞ്ചേരിയിൽ നടന്ന സമസ്ത വാർഷിക സമ്മേളനം പ്രധാനമായും ചർച്ച ചെയ്തതു ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തിനെതിരെയാണ്. സമസ്ത 60ാം വാർഷിക സമ്മേളനത്തിൽ അന്നത്തെ ജന. സെക്രട്ടറി ശംസുൽ ഉലമ മുഖ്യപ്രഭാഷണം നടത്തിയതും മൗദൂദിസത്തിൻ്റെ വികല ആശയങ്ങൾക്കെതിരെ ആയിരുന്നു. ഇതെല്ലാം ഇപ്പോഴും ഡിജിറ്റൽ പ്രൂഫ് ആയി ഉണ്ടെന്നിരിക്കെ, ജമാഅത്ത് നേതാക്കളുടെ ‘പുതിയ കണ്ടെത്തലുകൾ’ മതേതര സമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

