
കേരളത്തിൽ ഭരണമാറ്റത്തിന് സാഹിത്യകാരായ സച്ചിദാനന്ദനും, കാരശ്ശേരിയും സാറാ ജോസഫും ഭയം അടിസ്ഥാനമാക്കി നിരത്തുന്ന ന്യായങ്ങൾ ജനാധിപത്യ സമൂഹത്തിന് ദോഷകരമാണെന്നതിൽ സംശയമില്ല. അധികാരത്തിലേറാൻ കഴിയാവില്ലാത്ത പാർട്ടിയാണ് കോൺഗ്രസെങ്കിൽ അതങ്ങ് നശിച്ചു പോട്ടേ എന്ന് ചിന്തിക്കാൻ ഈ സാഹിത്യകാരന്മാർക്ക് കഴിഞ്ഞില്ലെങ്കിലും ഇടത്പക്ഷ ഭരണ നേട്ടം നേരിട്ടറിഞ്ഞ മലയാളി വോട്ടർമാർക്ക് കഴിയും എന്നതിൽ സംശയമില്ല. ഭരണം തുടർന്നാൽ നാളെ ഇടതു നശിക്കുമെന്നു വെറുതെയങ്ങു പേടിച്ച് ഇന്നത്തെ കേരളത്തെ തീയിട്ടു നശിപ്പിക്കണോ?
അധികാരം അർഹിക്കാത്തവർക്ക് വോട്ട് ചെയ്ത് സംസ്ഥാനത്തിന്റെ സ്ഥിതി വഷളാക്കാൻ ജനങ്ങൾ ആഗ്രഹിക്കാത്തതുകൊണ്ടാണല്ലോ ഭരിക്കാൻ അറിയാവുന്ന പാർട്ടിയെ രണ്ടാമതും ജനം നെഞ്ചോട് ചേർത്തത് എന്ന് ചിന്തിക്കാൻ എഴുത്തുകാർ മറന്നതോ അതോ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നതോ? ഭാവിയിൽ സംഭവിക്കുമെന്ന ആശങ്കയുടെ പേരിൽ ഇന്നത്തെ ഭരണത്തെ തള്ളിക്കളയുന്നത് യുക്തിയില്ലായ്മയുടെ കൊടുമുടിയാണ്. നിലവിലെ ഭരണം മികച്ചതാണെന്ന് ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ 2026-ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്നത് വിമർശകർ മനസ്സിലാക്കേണ്ട സത്യം തന്നെയാണ്.
പ്രായോഗിക രാഷ്ട്രീയ തീരുമാനങ്ങളും അനാവശ്യമായ ഭീതിയും തമ്മിൽ വ്യക്തമായ വ്യത്യാസം ഉണ്ട്. ഭാവിയെക്കുറിച്ചുള്ള അമിത ആശങ്കകൾക്ക് അടിമപ്പെടാതെ ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തിയാണ് ജനങ്ങൾ തീരുമാനമെടുക്കുന്നത്, അതിന് ഉത്തമ ഉദാഹരണമാണ് രണ്ടാമതും ഇടത്പക്ഷം ഭരണത്തിലേറിയത്. പുഴയിലെ വെള്ളം വറ്റുകയും അക്കരെ നിൽക്കുന്ന പട്ടി കടിക്കാൻ വരുകയും ചെയ്താൽ എന്തു ചെയ്യുമെന്നോർത്ത് ഒരു കവിയും കാരശേരിയും ആധി പിടിക്കേണ്ടതില്ല. പ്രായോഗികതയും കാല്പനികതയും രണ്ടാണു സർ.
പ്രതിപക്ഷത്തിന്റെ ശൂന്യത നികത്താൻ ഇടതുപക്ഷം അങ്ങോട്ടു മാറിയിരിക്കണമെന്ന് സച്ചിദാനന്ദൻ പറഞ്ഞതിനെയും കേരളത്തിൽ ഭരണമാറ്റുണ്ടാകണമെന്നും അധികാരം നിലനിർത്താൻ ഏത് പിശാചുമായും സഖ്യമുണ്ടാക്കുന്ന ചരിത്രം എൽഡിഎഫിന് ഉണ്ടെന്നും സാറാ ജോസഫ് പറഞ്ഞതിനെയും ഇടത്പക്ഷ അനുഭാവിയായ എസ് സുദീപ് ശക്തമായി ഫെയ്സ് ബുക്കിലൂടെ വിമർശിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

