
താമരശ്ശേരി മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി എം മെഹബുബ്. താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപാറയില്‍ പ്രവര്‍ത്തിക്കുന്ന അറവ് മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന കട്ടിപ്പാറയിലെ അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു.
പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്.ഡി.പി.ഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്.ഡി.പി.ഐ ക്രിമിനലുകളാണ്.
നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്രമങ്ങളെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും CPI(M) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

