
ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചു വന്ന മൂന്നംഗ സംഘം പെരുമ്പാവൂരിൽ അറസ്റ്റില്‍. ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ, സ്വദേശികളാണ് പിടിയിലായത്. അകന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് അറസ്റ്റിലായ മൂന്നുപേരും. റോഡരികിലും വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ച് വരികയായിരുന്നു.
ഇടുക്കി വെള്ളത്തൂവൽ പുത്തൻപുരക്കൽ ബിൽജിത്ത്, കോട്ടപ്പടി പ്ലാമുടി തൈപ്പറമ്പിൽ വീട്ടിൽ ജയ്ശാന്ത്, മൂവാറ്റുപുഴ വെള്ളിലാംതടത്തിൽ വിഷ്ണു വർദ്ധൻ എന്നിവരാണ് പിടിയിലായത്. ഡിസംബർ 17 മുതൽ 19 വരെയുള്ള ദിവസങ്ങൾക്കിടയിൽ പെരുമ്പാവൂർ ടൗണിലെ വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് പ്രതികൾ മോഷ്ടിച്ചത്. വാഹന ഉടമകൾ പെരുമ്പാവൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മോഷണം നടത്തിയ ശേഷം ബൈക്കുകളുടെ നമ്പർ പ്ലേറ്റുകളും വിവിധ ഭാഗങ്ങളും ഒടിച്ചുകളയുന്നതാണ് പ്രതികളുടെ പതിവ്. അകന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രതികൾ ഇവരിൽ ഒരാൾ താമസിച്ചിരുന്ന ഊരമനയിലെ വീട് കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. വാഹനങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച ശേഷം പൂട്ട് തകർത്ത് മോഷണം നടത്തുകയായിരുന്നു പതിവ്. പ്രതികൾക്കു പിന്നിൽ മറ്റേതെങ്കിലും സംഘങ്ങൾ ഉണ്ടോ എന്നും, മോഷണം നടത്തിയ വാഹനങ്ങൾ ലഹരിക്കടത്ത് ഉൾപ്പെടെ മറ്റെന്തെങ്കിലും പ്രവർത്തികൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

