
വിഭജന ഭീതി ദിനാചരണത്തിനെതിരെ കാസര്‍ഗോഡ് ഗവ. കോളേജില്‍ എസ് എഫ് ഐയുടെ പ്രതിഷേധം. ഭരണഘടനയുടെ ആമുഖം ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. പ്രതിഷേധസൂചകമായി കോളേജ് മുറ്റത്ത് വച്ച് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു.
കാസര്‍ഗോഡ് ഗവ. കോളേജില്‍ അനുമതിയില്ലാതെ എ ബി വി പി പ്രവര്‍ത്തകര്‍ വിഭജനഭീതി ദിനം ആചരിച്ചതിന് പിന്നാലെയാണ് എസ് എഫ് ഐ പ്രതിഷേധവുമായി എത്തിയത്. ഭരണഘടനയുടെ ആമുഖം ഉയര്‍ത്തിപ്പിടിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥികൾ പ്രകടനം നടത്തി. കോളേജിലെ നോട്ടീസ് ബോര്‍ഡില്‍ എ ബി വി പി വിഭജന ഭീതി ദിന പ്രചാരണ നോട്ടീസ് പതിച്ചത് പ്രതിഷേധത്തിനിടയാക്കി.
Read Also: വിഭജന ഭീതി ദിനാചരണം: ഇടത് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിര്‍ദേശം പിന്‍വലിച്ച് കാലിക്കറ്റ് വി സി
തുടര്‍ന്ന് വിഭജന ഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ കോലം കത്തിച്ചു. എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഇമ്മാനുവല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയന്‍ മാഗസിന്‍ പ്രതിഷേധസൂചകമായി കോളേജ് മുറ്റത്ത് വെച്ച് പ്രകാശനം ചെയ്തു. 2024- 25 വര്‍ഷത്തെ മാഗസിന്‍ കുരുതി യുവ സാഹിത്യകാരന്‍ വി എം മൃദുല്‍ പ്രകാശനം ചെയ്തു.
വിഭജന ഭീതി ദിനം ആചരിക്കുന്നത് തടഞ്ഞ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ എ ബി വി പിക്ക് കോളേജ് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി തൃപ്തികരമല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

