
വിദ്യാർത്ഥികളുടെ കലോത്സവം അടക്കം തടഞ്ഞ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നിലപാടുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. കേരള സർവകലാശാലയിലേക്ക് നടന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ ആദർശ്, സർവ്വകലാശാല യൂണിയൻ ചെയർമാൻ അശ്വിൻ തുടങ്ങിയവരെയും അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അറസ്റ്റിനെതിരെ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധം സംഘടിപ്പിക്കുകയാണ് എസ്എഫ്ഐ.
കാലാവധി അവസാനിക്കാനിരിക്കുന്ന യൂണിയനെ സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത വിസിയുടെ നടപടിക്കെതിരെയാണ് വിദ്യാർത്ഥികള്‍ പ്രധാനമായും പ്രതിഷേധിക്കുന്നത്. ഇതിനൊപ്പം കായിക വിദ്യാർത്ഥികൾക്കുള്ള ട്രാവലിംഗ് അലവൻസ് (TA) മാസങ്ങളായി കുടിശ്ശിക കിടക്കുന്ന വിഷയത്തിലും വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനോ ചർച്ച നടത്താനോ വിസി ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

