
തൃശൂർ മണ്ണുത്തിയിലെ കാർഷിക സർവകലാശാല ആസ്ഥാനത്തേക്ക് എസ് എഫ് ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് നേരെ പൊലീസിൻ്റെ കൈയ്യേറ്റ ശ്രമവും ഉണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കാർഷിക സർവകലാശാലയിലെ അമിതമായ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ചായിരുന്നു സർവകലാശാല ആസ്ഥാനത്തേക്കുള്ള SFI മാർച്ച്. ചില കോഴ്സുകൾക്ക് മൂന്നരട്ടിയോളമാണ് ഫീസ് വർധിപ്പിച്ചത്. സർവ്വകലാശാല പരിസരത്തു നിന്നും പ്രകടനമായി എത്തിയ വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
ഫീസ് വർധന പിൻവലിക്കുന്നതുവരെ ഉദ്യോഗസ്ഥരെ ഉപരോധിക്കാനാണ് എസ്എഫ്ഐ തീരുമാനം. ഫീസ് വർദ്ധന പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. ഫീസ് വർദ്ധന താങ്ങാൻ കഴിയാതെ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ ചേർന്ന കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി പഠനം നിർത്തിയിരുന്നു. ഈ സംഭവത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ ആയിരുന്നു SFI പ്രതിഷേധം. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർദ്ധിപ്പിച്ചത് നീതീകരിക്കാൻ കഴിയില്ലെന്നും SFI നേതാക്കൾ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

