
ബലാത്സംഗകേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ ഷാഫി പറമ്പിൽ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിയിൽ ആരോപണം വന്ന സമയത്ത് തന്നെ സസ്പെൻഡ് ചെയ്തുവെന്നും ശേഷം പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെ അത് പൊലീസിന് കൈമാറിയെന്നും പറഞ്ഞ ഷാഫി പറമ്പിൽ പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും പറഞ്ഞു. കുറ്റം ചെയ്തുവെങ്കിൽ മാങ്കൂട്ടത്തിൽ ശിക്ഷിക്കപ്പെടട്ടെ എന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.
എന്താണോ സത്യസന്ധമായ കാര്യങ്ങൾ അത് നിയമപരമായ രീതിയിൽ പുറത്തു വരട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനനുസരിച്ചിട്ടുള്ള കാര്യങ്ങൾ നിയമം തീരുമാനിക്കട്ടെ. അതിന് തടസമായിട്ട് കോൺഗ്രസ് പാർട്ടിയോ കോൺഗ്രസ് പാർട്ടിയിലെ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ആയ ഞങ്ങൾ ആരും നിൽക്കില്ല. തങ്ങളുടെ ഉത്തരവാദിത്തം തങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. തന്റെ സൗഹൃദം രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ തടസം ആയിട്ടില്ലെന്നും എംപി അവകാശപ്പെട്ടു.
ALSO READ: ‘Love you to moon and back’! ഈ സർക്കാരും മുഖ്യമന്ത്രിയും മാതൃകയാകുന്നത് ഇങ്ങനെയെല്ലാമാണ്…
വടകരയിലെ ഫ്ലാറ്റ് ആരോപണത്തിലും ഷാഫി പറമ്പിലിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. അത്തരം ആരോപണങ്ങൾക്ക് ഞാൻ എന്തിനു മറുപടി പറയണം എന്ന് ചോദിച്ച ഷാഫി തനിക്ക് അവിടെ ഫ്ലാറ്റ് ഇല്ലെന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജി വയ്ക്കാൻ ആവശ്യപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു. രാഹുലിന്റെ രാജി ആവശ്യപെടാൻ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. രാഹുലിന്റെ രാജിക്കാര്യം നിയമസഭയിൽ ചർച്ച വരട്ടെയെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാം പരാതിയിൽ പറയുന്ന വടകരയിലെ ഫ്ളാറ്റിനെ കുറച്ചുള്ള ചോദ്യത്തെ ചിരിച്ചു തള്ളുകയായിരുന്നു കെ സി വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിനെതിരെ ആദ്യഘട്ടത്തിൽ പീഡന ആരോപണം ഉയർന്നപ്പോൾ കോൺഗ്രസ് സ്വീകരിച്ച അതേ നിലപാടാണ് ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ ആയപ്പോഴും കോൺഗ്രസ് സ്വീകരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കുന്നതിന് കോൺഗ്രസ് ഇടപെടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്.
ALSO READ: രാഹുൽ സ്ഥിരം ലൈംഗിക കുറ്റവാളി; ഇതിലൂടെ വെളിവാകുന്നത് കോൺഗ്രസിന്റെ ജീർണ്ണത: എംവി ജയരാജൻ
അതേസമയം ഇനിയും രാഹുലിനെ മുതിർന്ന നേതാക്കൾ സംരക്ഷിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ട്. കഴിഞ്ഞ ദിവസം രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കുന്നതിന് കേരള നിയമസഭ നിയമപദേശം തേടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


