
രണ്ടാം ഇടതു സർക്കാർ ആധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ചരിത്രപരമായ രണ്ടു തീരുമാനങ്ങൾ കൈക്കൊണ്ടു. സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന അദൃശ്യരായി ജീവിക്കുന്ന മനുഷ്യരെ ആത്മാഭിമാനത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികളായിരുന്നു അവ രണ്ടും. അതിദാരിദ്ര്യ വിമുക്തമാക്കലും, ഏക കിടപ്പാട സംരക്ഷണ നിയമ നിർമ്മാണവും 2025 നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ ചരിത്രപരമായി ആദ്യത്തെ നേട്ടം ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ കേരളം സ്വന്തമാക്കി.
അത്യാവശ്യ കാര്യങ്ങൾക്കായി വായ്പയെടുത്ത് തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി ഏകകിടപ്പാടം ജപ്തിചെയ്യപ്പെടുമ്പോൾ നിസ്സഹയാതയോടെ തെരുവിലേക്കിറങ്ങേണ്ടി വരുന്ന മനുഷ്യരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഏക കിടപ്പാട സംരക്ഷണ നിയമ നിർമ്മാണം എൽഡിഎഫ് ഗവൺമെന്റ് നടപ്പിലാക്കിയത്. ബില്ല് ഗവർണർ ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്തിരിക്കുകയാണ്. ഏക കിടപ്പാടം സംരക്ഷണ നിയമം കൊണ്ടുവരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കൂടിയാണ് കേരളം. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ എൽഡിഎഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നത്. വീടിനുള്ള അവകാശം പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച ഇടതുസർക്കാർ മറ്റൊരു കിടപ്പാടവുമില്ലാത്ത പാവപ്പെട്ടവരെ വീട്ടിൽ നിന്നും ഇറക്കിവിടുന്നത് അവസാനിപ്പിക്കാനുള്ള നടപടിയാണ് നിയമ നിർമാണത്തിലൂടെ സ്വീകരിച്ചത്.
എന്നാൽ ജനോപകാരപ്രദമായ എന്തിനെയും എതിർക്കുന്ന കേരളത്തിലെ പ്രതിപക്ഷം ജനോപകാരപ്രദമായ ഇത്രയും പ്രാധാന്യമുള്ള നിയമനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകുകയും ഉണ്ടായില്ല. ഒരു ലക്ഷം കോടി രൂപ വായ്പ എടുത്തവരുടെ ബാധ്യത ബാങ്കുകൾ എഴുതിതള്ളി സഹായിക്കുമെങ്കിലും സാധാരണക്കാർക്ക് പെരുവഴിയായിരുന്നു ലഭിച്ചിരുന്നത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി ഏകകിടപ്പാടം ജപ്തിചെച്ചപ്പെടുമ്പോൾ നിസ്സഹയാതയോടെ തെരുവിലേക്കിറങ്ങേണ്ടി വരുന്നവരുടെ കാഴ്ച ഏതൊരാളെയും വേദനിപ്പിക്കുന്നതായിരുന്നു. ഏകകിടപ്പാട സംരക്ഷണ ബില്ല് സർഫാസി നിയമത്തിനുള്ള ഭേദഗതിയല്ല , മറിച്ച് ഈ നിയമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനനിയമമാണ്. ഇരയുടെ സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുത്ത് ഏക കിടപ്പാടം സംരക്ഷിക്കുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്.
നഗരത്തിൽ അഞ്ചുസെന്റും ഗ്രാമത്തി പത്തു സെന്റും മാത്രം സ്ഥലം ഉള്ള, അഞ്ചുലക്ഷം രൂപ വരെ വായ്‌പഎടുക്കുകയും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി പത്തുലക്ഷം രൂപവരെ കുടിശ്ശികയായി ജപ്തി നേരിടുന്ന കുടുംബത്തിന് ഈ നിയമപ്രകാരം രൂപീകരിക്കുന്ന ജില്ലാതലകമ്മിറ്റിക്ക് അപേക്ഷ നൽകാം. ജില്ലാതല ഉദ്യോഗസ്ഥരും ജില്ലാ ലീഡ്ബാങ്ക് പ്രതിനിധിയും ഉൾകൊള്ളുന്ന കമ്മിറ്റി അപേക്ഷ പരിശോധിക്കും. കുടുംബത്തിന് മറ്റ് സ്വത്തുക്കൾ ഉണ്ടാകാൻ പാടില്ല .മാതാവ്, പിതാവ്, മകൻ, മകൾ , ഭാര്യാ, ഭർത്താവ് എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. ബോധപൂർവം തിരിച്ചടവിൽ വീഴ്ച വരുത്തിയവർ (will full defaulter ) ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തിരിച്ചടവിന് മറ്റു സാധ്യതകൾ ഇല്ലെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ അവർ സംസ്ഥാനതല കമ്മിറ്റിക്ക് ശുപാർശചെയ്യും . അവർ ശുപാർശ അംഗീകരിച്ചാൽ കുടിശ്ശിക ജില്ലാ കളക്ടർ ബങ്കിന് കൈമാറി രേഖകൾ തിരിച്ചുവാങ്ങും. ഈ നിയമത്തിന്റെ ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെ ഉടമക്ക് രേഖകൾ നൽകി കിടപ്പാടം തിരിച്ചു നൽകും . ജീവിതത്തിൽ ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. സഹകരണബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ ബാങ്കുകളുടേയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും വായ്പകൾ ഈ നിയമം ബാധകമാകും. സമാനമായ കേസ്സുകളിൽ ജപ്തി നേരിടുന്ന ജാമ്യക്കാരനും ഇതേ ആനുകൂല്യം ലഭിക്കും. മരണമോ മാരകരോഗമോ വന്ന് തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തിചെയ്യപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവരുന്ന മനുഷ്യരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

