
എസ്ഐആർ നടപടിക്രമങ്ങൾക്ക് സമയം നീട്ടി നൽകിയത് പര്യാപ്തമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ അറിയിച്ചു. ഡിസംബർ അവസാനം വരെയെങ്കിലും സമയപരിധി നീട്ടി നൽകണമെന്നാണ് ആവശ്യം. പരാതികൾ പരമാവധി ഒഴിവാക്കി നീട്ടിയ സമയം ഫലപ്രദമായി ഉപയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ യു ഖേൽക്കർ യോഗത്തെ അറിയിച്ചു.
സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ SIR നടപടികളുടെ സമയപരിധി നീട്ടിയത്. അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി കോടതിയെ സമീപിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണെന്ന് സിപിഐഎം നേതാവ് എം വിജയകുമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികളെ കേട്ടില്ലെന്ന് സത്യൻ മൊകേരി പറഞ്ഞു. അതുകൊണ്ടാണ് സർക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്. ഡിസംബർ അവസാനം വരെ സമയം നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തരമായി BLO- BLA യോഗം വിളിക്കണമെന്ന് കോൺഗ്രസ് പ്രതിനിധി ആവശ്യപ്പെട്ടു. വിദേശത്ത് ജനിച്ച ഇന്ത്യൻ ദമ്പതികളുടെ മക്കൾക്ക് പൗരത്വം നേടാനുള്ള ഫോം സംവിധാനം കമ്മീഷൻ വെബ്സൈറ്റിലില്ലെന്നും കമ്മീഷൻ നേരിട്ട് ഇടപെട്ട് പ്രവാസി പ്രതിനിധികളുടെ യോഗം വിളിക്കണമെന്നും മുസ്ലിംലീഗ് നേതാവ് മുഹമ്മദ് ഷാ പറഞ്ഞു.
എസ്ഐആർ നടപടികൾ പരമാവധി പൂർത്തിയാക്കി എന്നും പരാതികൾ ഇല്ലാതെ നീട്ടിയ സമയം ഫലപ്രദമായി ഉപയോഗിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ രത്തൻ യു ഖേൽക്കർ യോഗത്തെ അറിയിച്ചു. ബിജെപി ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എസ്ഐആർ നടപ്പിലാക്കാൻ സമയം നീട്ടി നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


