
എസ്ഐആർ (സ്പെഷ്യൽ ഇൻസെൻ്റീവ് റിവിഷൻ) സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. പ്രക്രിയയിലെ താളപ്പിഴകൾ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടതായും കേരളം കത്തിൽ വ്യക്തമാക്കി.
സ്പെഷ്യൽ ഇൻസെൻ്റീവ് റിവിഷൻ പ്രകിയയിലെ അപാകതകളെല്ലാം ചൂണ്ടിക്കാട്ടിയാണ് കേരളം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്
കത്ത് നൽകിയത്. SIR പ്രകിയയുടെ ഭാഗമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാർ വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടു. ഇതോടെ ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
തിരുവല്ല മണ്ഡലത്തിലെ നിലവിലെ എംഎൽഎ മാത്യു ടി. തോമസും കുടുംബവും ഒല്ലൂർ മണ്ഡലത്തിലെ മുൻ എംഎൽഎ രാജാജി മാത്യുവും കുടുംബവും, കേരളത്തിന്റെ മുൻ ഡിജിപി രാമൻ ശ്രീവാസ്തവയും കുടുംബവും അടക്കം സംസ്ഥാനത്തെ സ്ഥിര താമസക്കാർക്ക് വോട്ടവകാശം നഷ്ടപ്പെട്ടു.
ALSO READ: ‘തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇഡിയോക്രസി’: വിമര്‍ശിച്ച് സിപിഐ
ഹാജരാകാത്തത്/കണ്ടെത്താൻ കഴിയാത്തത്, സ്ഥിരമായി മാറ്റിയത്, എന്യുമറേഷൻ ഫോമുകൾ മാറ്റിയത്, ഫോം നിരസിച്ചത്, മരണം എന്നീ വിഭാഗങ്ങളിലായി 25 ലക്ഷത്തോളം വോട്ടർമാർ ആണ് പുറത്തായിരിക്കുന്നത്. 2025ലെ സ്പെഷ്യൽ സമ്മറി റിവിഷന് (SSR) ശേഷം കേരളത്തിൽ 2.78 കോടി വോട്ടർമാർ ഉണ്ട്. ഇവരിൽ എല്ലാവർക്കും എനുമറേഷൻ ഫോമുകൾ വിതരണം ചെയ്തിട്ടില്ല.
വിതരണം ചെയ്യാൻ കഴിയാത്ത എന്യുമറേഷൻ ഫോമുകളുടെ വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയകക്ഷികൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. 2025ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ബിഎൽഒമാർ വഴി എല്ലാ വോട്ടൻമാർക്കും ഫോമുകൾ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിൻ്റെ വിവരങ്ങൾ കമ്മീഷൻ ലഭ്യമാക്കണമെന്ന് കേരളം കത്തിൽ ആവശ്യപ്പട്ടു.
രാഷ്ട്രീയകക്ഷികൾക്കും ഒഴിവാക്കപ്പെട്ട വോട്ടർമാർക്കും പരിശോധിച്ച് തിരുത്തലുകൾ നടത്താൻ കഴിയുന്ന തരത്തിൽ ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും ഈ പട്ടിക പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. 2002ൽ 18 വയസിന് താഴെയായിരുന്നുവെങ്കിലും പിന്നീട് യോഗ്യരായ വോട്ടർമാരായ വലിയൊരു വിഭാഗത്തെ, SIR നടപടിക്ക് ശേഷം നിലവിലുള്ള വോട്ടർമാരുമായി മാപ്പ് ചെയ്യേണ്ടതാണ്. ഈ പ്രക്രിയ പൂർണ്ണമായിട്ടില്ല. മാപ്പ് ചെയ്യപ്പെടാതെ ബാക്കിയുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കണം
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട, അന്ന് വോട്ട് രേഖപ്പെടുത്തിയ നിരവധി വോട്ടർമാർ ഇപ്പോൾ ഒഴിവാക്കപ്പെട്ടു. ശേഖരിക്കാൻ കഴിയാത്ത എന്യുമറേഷൻ ഫോമുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ചില ബൂത്തുകളിൽ ഈ എണ്ണം അസാധാരണമായി ഉയർന്നിട്ടുണ്ട്. ഇത് ഗൗരവത്തോടെ കമ്മീഷൻ പരിശോധിക്കണമെന്ന് കേരളം കത്തിൽ ചൂണ്ടിക്കാട്ടി.
ALSO READ: ‘തൊഴിലുറപ്പിനെ തൊഴിലറക്കുന്ന പദ്ധതിയാക്കി ബിജെപി മാറ്റി’: എം വി ജയരാജൻ
2025 ഡിസംബർ 19നാണ് എന്യുമറേഷൻ ഫോമുകളുടെ അപ്ഡേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിച്ചത്. ഇത്രയേറെ കുറവുകളും അപാകതകളും നിലനിൽക്കുമ്പോഴാണിത്. കേരളത്തിലെ രാഷ്ട്രീയകക്ഷികളും സുപ്രീം കോടതിയും എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടണമെന്ന് കമ്മീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനായി പിഴവുകളില്ലാത്ത ഒരു വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണം അടിസ്ഥാനപരമായ ആവശ്യകതയാണ്. സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടണമെന്നാം എല്ലാ യോഗ്യരായ വോട്ടർമാരുടെയും പരാതികൾ പരിഹരിച്ച് എസ്ഐആർ ഫലപ്രദമായി പൂർത്തിയാക്കാൻ സാധിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് സർക്കാർ അഭ്യർഥിച്ചു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

