
ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും തകർന്നുപോയ എസ്.എം ഗാർമെന്റ്സ് വീണ്ടും പ്രവർത്തനമാരംഭിച്ചത് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിന്റെ ഇടപെടലിലൂടെ. കണിയാമ്പറ്റ സ്വദേശി ഷംല ഇസ്മായിലിന്റെ എസ്.എം ഗാർമെന്റ്സ് ആണ് അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തിൽ നശിച്ചത്. പത്ത് വർഷത്തെ കഠിനാധ്വാനവും കോടികളുടെ മെറ്റീരിയൽസും മെഷിനറികളും കത്തിയമർന്ന സ്ഥാനത്ത് ഈ സ്ഥാപനം ഇന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നത് രാഷ്ട്രീയമായ ഇടപെടലിലൂടെയും ജനകീയ കൂട്ടായ്മയിലൂടെയുമാണ്.
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയായിരുന്ന സ്ഥാപനം അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തിൽ നശിച്ചതോടെ ഷംലയും അവിടെ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകളും പ്രതിസന്ധിയിലായിരുന്നു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കൽപ്പറ്റയിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് ഷംല തന്റെ സങ്കടം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിനോട് പങ്കുവെച്ചത്.
ഷംലയുടെ സങ്കടം കേട്ട ഗോവിന്ദൻ മാഷ്, “തളരരുത്, ഒപ്പമുണ്ട് സർക്കാരും പാർട്ടിയും” എന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. പരിപാടിക്ക് ശേഷം ഷംലയെ നേരിട്ട് വിളിച്ച് സംസാരിച്ച അദ്ദേഹം, മെഷിനറികൾ വാങ്ങുന്നതിനും അടിയന്തിര അറ്റകുറ്റപ്പണികൾക്കുമായി 20 ലക്ഷം രൂപ ആവശ്യമാണെന്ന് മനസ്സിലാക്കി. ഉടൻ തന്നെ പാർട്ടി വയനാട് ജില്ലാ സെക്രട്ടറി സഖാവ് കെ. റഫീഖിനെ ഇതിനായി ചുമതലപ്പെടുത്തി.
സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയുടെ സജീവമായ ഇടപെടലിലൂടെ ആവശ്യമായ പണം സമാഹരിക്കുകയും ഷംലയ്ക്ക് കൈമാറുകയും ചെയ്തു. നൽകിയ വാക്ക് പാലിച്ച്, തകർച്ചയിൽ നിന്ന് സ്ഥാപനത്തെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പാർട്ടി പ്രവർത്തകർ വ്യക്തമാക്കി. ഒരുപാട് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമായ എസ്.എം ഗാർമെന്റ്സ് വീണ്ടും സജീവമാകുന്നതോടെ വലിയൊരു അതിജീവന പോരാട്ടത്തിനാണ് വയനാട് സാക്ഷ്യം വഹിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

