
പൊതുജനങ്ങൾക്ക് വേണ്ടി എ ഐ കോൾ സെൻററുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. എല്ലാ ദിവസവും മുഴുവൻ സമയവും വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും. കോൾ സെന്റർ നമ്പർ 0471-2525100. പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാക്കുകയും, നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കെ സ്മാർട്ടിന്റെ ഭാഗമായി നിലവിൽ ലഭ്യമാക്കുന്ന കോൾ സെന്റർ സംവിധാനമാണ് പൂർണമായും വിർച്വൽ ആയും എ ഐ അധിഷ്ഠിതവുമായി മാറുന്നത്. സ്മാർട്ടി എന്ന പേരിലാണ് AI അധിഷ്ഠിതമായ വെർച്യുൽ അസിസ്റ്റന്റിനെ അവതരിപ്പിക്കുന്നത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ സുഗമമായും സുതാര്യമായും ഉറപ്പാക്കാൻ ഈ വിർച്വൽ അസിസ്റ്റന്റ് സഹായകരമാവും. തദ്ദേശ സ്വയംഭരണ വകുപ്പും, ഇൻഫർമേഷൻ കേരള മിഷനും, ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
സ്മാർട്ടി എന്നത് ഒരു AI കോളിംഗ് ബോട്ടും 3D അവതാർ-ടോക്ക്ബോട്ടും ആയ ഒരു സാങ്കേതിക സംവിധാനമാണ്. ഇത് തദ്ദേശ ഭരണത്തിലെ സുതാര്യത, കാര്യക്ഷമത, പ്രവേശനക്ഷമത എന്നിവ ഉറപ്പാക്കാൻ സഹായിക്കുന്നതാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ, പഞ്ചായത്ത് ലൈസൻസ് നിയമങ്ങൾ, ജനന-മരണ, വിവാഹം പോലുള്ള സിവിൽ രജിസ്ട്രേഷൻ നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള സാധാരണക്കാരന്റെ സംശയ നിവാരണങ്ങൾക്ക് വേണ്ടിയാണ് ഈ സൗകര്യം. രണ്ട് തരത്തിലുള്ള AI പരിഹാരങ്ങൾ സ്മാർട്ടി വഴി ലഭ്യമാവും. ആദ്യത്തേത് 3D അവതാർ ഉള്ള ഒരു സഹായ ഐക്കൺ വഴി കെ സ്മാർട്ട് വെബ്‌സൈറ്റുമായി സംയോജിപ്പിച്ചിരിക്കുന്ന ടോക്ക്ബോട്ട്, ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുന്നു. പൗരന് അവരുടെ സേവനവുമായി ബന്ധപ്പെട്ട എന്ത് സംശയനിവാരണവും നടത്താൻ ഇതിലൂടെ കഴിയും.
ഈ സേവനം 24/7 സഹായം നൽകും. മറ്റൊന്ന് AI കോളിംഗ് സൊല്യൂഷനാണ്. കെട്ടിട നിയമങ്ങൾ, സിവിൽ രജിസ്ട്രേഷൻ, പഞ്ചായത്ത് ,മുനിസിപ്പൽ ലൈസൻസ്,ഫയലുകളുടെ സ്റ്റാറ്റസ് എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് പൗരന് അവരുടെ മൊബൈൽ അല്ലെങ്കിൽ ലാൻഡ്‌ലൈൻ വഴി വെർച്വൽ അസിസ്റ്റന്റിനെ വിളിക്കാം. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ചുള്ള സംശയ നിവാരണത്തിന് വെർച്വൽ അസിസ്റ്റന്റ് സ്മാർട്ടി സഹായിക്കും. എല്ലാ അന്വേഷണങ്ങൾക്കും പിന്തുണയ്‌ക്കും വേണ്ടി ഈ സേവനം 24/7 ഉറപ്പാക്കും. മറ്റ് ഔദ്യോഗിക, അനൗദ്യോഗിക ചാനലുകളുടെ സഹായമില്ലാതെ തന്നെ ഒരു പൗരന് അവശ്യ പ്രക്രിയകൾ, പെർമിറ്റുകൾ, സമയപരിധികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

