
വനിത സംരംഭകർക്കായി കൈരളി ടിവി സംഘടിപ്പിച്ച കൈരളി ജ്വാല അവാർഡ് 2026 കൊച്ചി ക്രൗൺ പ്ലാസയിൽ നടന്നു. സംരംഭക രംഗത്തേയ്ക്ക് കടന്നു വരുന്ന വനിതകൾക്കായി ഏഴാം തവണയാണ് കൈരളി ടിവി ജ്വാല അവാർഡ് സംഘടിപ്പിക്കുന്നത്.
സംരംഭകയ്ക്കുള്ള ചെയർമാന്റെ പ്രത്യേക പുരസ്കാരം കോട്ടയം സ്വദേശി ജാസ്മിൻ അജി മമ്മൂട്ടിയിൽ നിന്നും ഏറ്റു വാങ്ങി. സെറിബ്രൽ പ്ലാസി രോഗബാധിതനായ മകന്റെ ശാരീരിക അവസ്ഥകൾക്കും ചികിത്സയ്ക്കുമിടയിൽ തനിയ്ക്ക് പതിയെ പതിയെ കാഴ്ച്ച നഷ്ടപ്പെടുന്ന അസുഖം കൂടി വലച്ചപ്പോഴും ഉള്ളിലെ സംരംഭകയെ ജാസ്മിൻ ചേർത്തു പിടിച്ചു. ആ പ്രതിസന്ധിയിലും തളരാത്ത ഇച്ഛാശക്തിയിക്കാണ് കൈരളി ടിവി പുരസ്കാരം സമ്മാനിച്ചത്. വയനാട്ടിൽ മകന്റെ തിരുമ്മൽ ചികിത്സയ്ക്കായി പോയപ്പോൾ മമ്മൂട്ടിയുടെ മായാവി സിനിമ കാണാൻ പോകുകയും, അതിൽ മമ്മൂട്ടി ലോറിയിൽ വന്നിറങ്ങുന്ന സീൻ കണ്ട് വേദനകളൊക്കെ മറന്ന് അന്ന് കുറെ പൊട്ടിച്ചിരിച്ചതായും പുരസ്കാരം സ്വീകരിച്ചു കൊണ്ട് ജാസ്മിൻ പറഞ്ഞു. പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോൾ ഇരട്ടി സന്തോഷമായിരുന്നു. തങ്ങളുടെ ശാരീരിക വെല്ലുവിളികൾക്കിടയിലും പ്രോത്സാഹനം നൽകി ചേർത്ത് നിർത്തിയ കൈരളി ടിവിയ്ക്കും ജാസ്മിൻ നന്ദി രേഖപ്പെടുത്തി.
തന്റെ അമ്മയുടെ നെയ്യപ്പക്കൂട്ടിൽ തന്റെതായ മാറ്റങ്ങൾ കൂടി വരുത്തിയുണ്ടാക്കിയ നെയ്യപ്പം ആദ്യം ഭർത്താവ് അജിയുടെ കടയിൽ തന്നെയാണ് വിറ്റത്. പിന്നീട് നടന്നത് ചരിത്രമായിരുന്നു. ഇന്ന് ഭരണങ്ങാനത്തെ നേർച്ചയപ്പമാണത്. കൂടാതെ 8 രൂപതകളിലെ പള്ളിയിലെ നൈവേദ്യ അപ്പവുമാണ്. മകൻ അപ്പുവിന്റെ ഓമനപ്പേരിൽ നിന്നാണ് ആപ്പുസ് ഫുഡ്സ് എന്ന പേര് പിറന്നത്.
കാഴ്ച്ച ഒരു നാൾ പൂർണ്ണമായും നഷ്ടപ്പെടുമെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് മുതൽ വീട്ടിൽ കണ്ണുകെട്ടി ജേലികൾ ചെയ്ത് പരിശീലിക്കാൻ തുടങ്ങി. ഇന്ന് പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ടിട്ടും തന്റെ സംരംഭം നന്നായി കൊണ്ടു പോകാൻ ഈ നിശ്ചയദാർഡ്യം തന്നെയാണ് സഹായിക്കുന്നത്. സംരംഭം വളർന്നപ്പോൾ കൂടെക്കൂടിയ മറ്റ് ജോലിക്കാരും ഭർത്താവ് അജിയും മകൻ അപ്പുവും തന്നെയാണ് ജാസ്മിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


