
സോണിയാ ഗാന്ധിയുടെ വസതി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശും ആന്റോ ആന്റണിയും നൽകുന്ന പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇപ്പോൾ സംഭവത്തിൽ കൂടുതൽ ദുരൂഹതയുണ്ടാക്കുന്നു. സന്ദർശനത്തിന്റെ കാലയളവിലാണ ഇപ്പോൾ വൈരുദ്ധ്യങ്ങളുണ്ടായിരിക്കുന്നത്. 2013-ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർധനയെയും കൂട്ടി സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തിയതെന്ന് ആന്റോ ആന്റണി അവകാശപ്പെടുമ്പോൾ, ഈ സന്ദർശനം 2019-ന് ശേഷമാണെന്നാണ് അടൂർ പ്രകാശ് പറയുന്നത്.
സോണിയാ ഗാന്ധിയുടെ അന്നത്തെ ഫോട്ടോ കണ്ടാൽ തന്നെ അത് 2013-ലെതാണെന്ന് വ്യക്തമാകുമെന്നും അതിൽ കൂടുതൽ തെളിവുകൾ വേണ്ടെന്നുമാണ് ആന്റോ ആന്റണിയുടെ നിലപാട്.ആന്റോ ആന്റണി പറയുന്നതുപോലെ 2013-ലാണ് സന്ദർശനം നടന്നതെങ്കിൽ, ആ കാലഘട്ടത്തിൽ അടൂർ പ്രകാശ് കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്വർണ മോഷണ കേസുമായി ബന്ധമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർധനെയും പോലുള്ള വ്യക്തികളുമായി ചേർന്ന് ഒരു മന്ത്രി സോണിയാ ഗാന്ധിയെ സന്ദർശിച്ചത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.സമുദായ സംഘടനകൾ സോണിയാ ഗാന്ധിയെ സന്ദർശിക്കുന്നത് പതിവാണെന്നാണ് ആന്റോ ആന്റണി നൽകുന്ന വിശദീകരണം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി ഏത് സമുദായത്തിന്റെ നേതാവാണെന്നും, അത്തരമൊരാൾക്ക് എങ്ങനെ സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് ലഭിച്ചുവെന്നും സ്രോതസ്സുകൾ ചോദ്യമുയർത്തുന്നു., കൂടാതെ, പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുന്നതിന് മുൻപ് നടന്ന ഈ സന്ദർശനമാണോ അദ്ദേഹത്തിന് പദവി ലഭിക്കാൻ കാരണമായതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
Also read; ശബരിമല സ്വർണ മോഷണക്കേസ്: അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളെന്ന് സൂചന
അന്വേഷണം മുറുകുന്നു വിഷയത്തിൽ എസ്.ഐ.ടി (SIT) അന്വേഷണം പുരോഗമിക്കുകയാണ്. അടൂർ പ്രകാശ് എസ്.ഐ.ടിക്ക് മുന്നിൽ നൽകിയ മൊഴികളും തെളിവുകളും അദ്ദേഹത്തിന് വിനയായേക്കാമെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കോൺഗ്രസിനെ പൊതുജനമധ്യത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിനെപ്പോലുള്ള മുതിർന്ന നേതാക്കൾ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


