ജോസ് കെ. മാണിയെ സോണിയ വിളിച്ചോ? വാർത്തയും യാഥാർത്ഥ്യവും തമ്മിലെ വിടവ്

ടി. ജെ. ശ്രീലാൽ

“Sonia calls Jose, invites KC(M) to rejoin UDF.” ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഇന്നത്തെ പ്രധാന തലക്കെട്ടാണിത്. തലക്കെട്ട് വായിച്ചാൽ തന്നെ കേരള രാഷ്ട്രീയത്തിൽ വലിയൊരു നീക്കത്തിന്റെ സൂചനയെന്ന തോന്നൽ സ്വാഭാവികമാണ്. എന്നാൽ വാർത്ത മുഴുവനായി വായിക്കുമ്പോൾ, അത് ഉറച്ച വിവരത്തേക്കാൾ കൂടുതൽ രാഷ്ട്രീയ അഭ്യൂഹങ്ങളുടെ കൂട്ടായ്മയാണെന്ന സംശയം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണി നടത്തിയ കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് വാർത്തയുടെ അടിസ്ഥാനം . ഇതോടൊപ്പം ചില “സാഹചര്യ-സാങ്കേതിക കാരണങ്ങൾ” ചൂണ്ടിക്കാട്ടി, കേരള കോൺഗ്രസ് എൽഡിഎഫ് വിടുമോ, ജോസ് കെ. മാണി എൽഡിഎഫിന്റെ കേരള യാത്ര നയിക്കുമോ എന്ന ചോദ്യങ്ങളിലൂടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. രാഷ്ട്രീയ വിശകലനമെന്ന പേരിൽ ചോദ്യങ്ങൾ മാത്രം ബാക്കി വയ്ക്കുന്ന പതിവ് മാധ്യമശൈലി.

പക്ഷേ ഇവിടെ ഉയരുന്ന പ്രധാന സംശയം ഇതാണ്: സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചത് എപ്പോഴാണ്? ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശ്വാസകോശ അണുബാധയും പിന്നീട് ബ്രോങ്കിയൽ ആസ്ത്മയും ബാധിച്ച സോണിയ ഗാന്ധി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 10 ജൻപഥിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. ചികിത്സയ്ക്കായി കഴിഞ്ഞ തിങ്കളാഴ്ച സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ, ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 11-നാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. അതായത്, ഈ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് വെറും ഒരു ദിവസം മുമ്പ്. അങ്ങനെയെങ്കിൽ, ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ സോണിയ ഗാന്ധി ആദ്യം ചെയ്തത് ജോസ് കെ. മാണിയെ വിളിച്ച് യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് തന്നെയാണോ ഈ വാർത്ത വായിച്ചാൽ നാം മനസ്സിലാക്കേണ്ടത്? അങ്ങനെ ആണെങ്കിൽ, അത് രാഷ്ട്രീയമായും വ്യക്തിപരമായും വലിയ പ്രാധാന്യമുള്ള കാര്യമാണ്.

Also Read: ‘പാർട്ടി നിലപാട് നിരവധി തവണ വ്യക്തമാക്കിയതാണ്’; കേരള കോൺഗ്രസ് എം യുഡിഎഫ് പ്രവേശന വാർത്ത തള്ളി ജോസ് കെ മാണി

തീർച്ചയായും, അത്തരമൊരു ക്ഷണം ജോസ് കെ. മാണി ഗൗരവത്തോടെ പരിഗണിക്കേണ്ടതുമാണ്. അതാണ് രാഷ്ട്രീയ മര്യാദ. എന്നാൽ പ്രശ്നം, അത്തരം ഒരു ഫോൺകോളിന്റെ ഉറച്ച തെളിവ് വാർത്തയിൽ എവിടെയും കാണുന്നില്ല. “സോണിയ വിളിച്ചു” എന്ന വാചകം ഒരു രാഷ്ട്രീയ ആഗ്രഹമായി, അല്ലെങ്കിൽ മുന്നണിക്കുള്ളിലെ ചിലരുടെ പ്രതീക്ഷയായി മാത്രമേ ഇപ്പോൾ തോന്നുന്നുള്ളൂ. രാഷ്ട്രീയത്തിൽ കളമൊരുക്കുക എളുപ്പമല്ല. പക്ഷേ, കളമൊരുക്കുന്നതും കഥകൾ പടർത്തുന്നതും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങൾ മറക്കരുത്. ഇല്ലെങ്കിൽ, വാർത്തകൾ തന്നെ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്ന ഒരു കാലത്തേക്കാണ് നാം നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News