
കേരളത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പുതുക്കിയ കേരള സംസ്ഥാന വയോജന നയത്തിന് (2026) മന്ത്രിസഭ അംഗീകാരം നൽകി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒറ്റപ്പെട്ടവരോ അവഗണിക്കപ്പെട്ടവരോ ആയ മുതിർന്ന പൗരന്മാർ ഇല്ലാത്ത, തുല്യതയുള്ള വയോജനസൗഹൃദ സമൂഹത്തെ വളർത്തിയെടുക്കുകയാണ് ഈ നയത്തിന്റെ ലക്ഷ്യം. വാർദ്ധക്യത്തെ ഒരു തളർച്ചയുടെ ഘട്ടമായല്ലാതെ, വളർച്ചയുടെയും സംഭാവനകളുടെയും ആത്മസാക്ഷാത്കാരത്തിന്റെയും ഘട്ടമായി കണ്ട് വയോജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ നയം വിഭാവനം ചെയ്യുന്നു.
മാനസികാരോഗ്യത്തിനായി മെമ്മറി ക്ലിനിക്കുകൾ, ദീർഘകാല-സാന്ത്വന ചികിത്സാ സംവിധാനങ്ങളുടെ വിപുലീകരണം എന്നിവ നടപ്പിലാക്കും. ടെലിമെഡിസിൻ, ദേഹത്തു ധരിക്കാവുന്ന ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കും. വയോജന സൗഹൃദ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവർക്ക് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കും.
സാമൂഹ്യക്ഷേമ പെൻഷനുകൾ എല്ലാവർക്കും ലഭ്യമാക്കും. അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്കായി താങ്ങാനാവുന്ന ഇൻഷുറൻസ് പദ്ധതികൾ, മുതിർന്നവർക്കായി റിവേഴ്‌സ് മോർട്ട് ഗേജ് പദ്ധതികൾ എന്നിവ ആരംഭിക്കും. പൊതുസേവനങ്ങളിൽ മുതിർന്നവർക്ക് മുൻഗണന നൽകുന്നതിനൊപ്പം അവശ്യ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കും.
വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും അവഗണനയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. പരാതി പരിഹാരത്തിനായി ഏകജാലക സംവിധാനങ്ങളും അതിവേഗ നീതിന്യായ സംവിധാനങ്ങളും (Fast-track justice) സ്ഥാപിക്കും. കൂടാതെ, വാർദ്ധക്യ വിജ്ഞാന പഠനമേഖലയിൽ (Gerontology) മികവിന്റെ കേന്ദ്രം സ്ഥാപിക്കാനും നയത്തിൽ വ്യവസ്ഥയുണ്ട്.
മുതിർന്നവരെ പരിചരിക്കുന്നവർക്ക് പ്രത്യേക പരിശീലനവും സർട്ടിഫിക്കേഷനും നൽകും. വയോജനങ്ങളുടെ അറിവും അനുഭവസമ്പത്തും യുവതലമുറയ്ക്ക് പകർന്നു നൽകാൻ ഇന്റേൺഷിപ്പ് സൗകര്യങ്ങൾ ഒരുക്കും. പ്രവാസി മലയാളി മാതാപിതാക്കളുടെയും മുതിർന്ന കുടിയേറ്റക്കാരുടെയും സാമൂഹിക ഉൾപ്പെടുത്തലിന് പ്രത്യേക പരിഗണന നൽകും. വീടുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും വയോജന സൗഹൃദ നിർമ്മാണ രീതികൾ നടപ്പിലാക്കും.
കേരളത്തിന്റെ സാമൂഹ്യ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്ന സമഗ്രമായ മാറ്റമാണ് ഈ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

