
ഇടതുപക്ഷത്തിന്റെ തുടർഭരണം ജനാധിപത്യത്തെയും ഇടതുപക്ഷത്തെ തന്നെയും ദുർബലപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ട് കവി സച്ചിദാനന്ദൻ മാസ്റ്ററും പ്രസിദ്ധ സാഹിത്യകാരിയും എഎപി കേരള ഘടകത്തിന്റെ മുൻ അധ്യക്ഷയുമായ സാറാ ജോസഫും രംഗത്തെത്തിയതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
എൽഡിഎഫിന് തുടർച്ച ഉണ്ടാകരുതെന്ന ആഹ്വാനം ചരിത്രബോധമില്ലാത്തതും കേരളത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെ അവഗണിക്കുന്നതുമാണെന്ന് ജനം പറയുന്നു.
ദേശീയ മാധ്യമങ്ങളിൽ പുറത്തുവന്ന കോൺഗ്രസ് നടത്തിയതായി പറയുന്ന സർവേ റിപ്പോർട്ടുകളാണ് ഈ നിലപാടുകൾക്ക് പിന്നിലെ പ്രേരണയെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഇടതുപക്ഷ സർക്കാരിനോ ഇടതുപക്ഷ എംഎൽഎമാർക്കോ എതിരായ വലിയ ജനവികാരം സർവേകളിൽ കാണുന്നില്ലെന്ന കണ്ടെത്തലാണ് ഈ ചടുല നീക്കത്തിന് കാരണം.
കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകളുടെ തുടർച്ച ഇല്ലാതായപ്പോൾ സംഭവിച്ച രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങൾ ഗൗരവമേറിയതാണ്. ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിനെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പിരിച്ചുവിട്ടതും തുടർന്ന് ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിൽ ഉണ്ടായ തടസ്സങ്ങളും ഉദാഹരണമാണ്. കുടിയൊഴിപ്പിക്കൽ നിരോധനം, കാർഷികബന്ധ ബിൽ തുടങ്ങിയ പുരോഗമനപരമായ നടപടികൾ അന്നത്തെ ഇടതുപക്ഷ സർക്കാർ മുന്നോട്ടുവെച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തുടർച്ച നഷ്ടപ്പെട്ടതോടെ ഭൂപരിധി നിയമം ഒഴിവാക്കാൻ വൻകിട ഭൂഉടമകൾ നടത്തിയ കള്ളക്കൈമാറ്റങ്ങളും ഭൂപരിഷ്കരണത്തിന്റെ അന്തസത്തയെ ദുർബലപ്പെടുത്തി. 1960 മുതൽ 1963 വരെയുള്ള കാലയളവിൽ ഭാഗം, തീറ്, ദാനം തുടങ്ങിയ പേരുകളിൽ ഏകദേശം നാലുലക്ഷം ഏക്കർ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഘട്ടം കേരളത്തിലെ ഭൂപരിഷ്കരണ ചരിത്രത്തിലെ ഏറ്റവും നിർണായക ഘട്ടമായിരുന്നു.
വിമോചന സമരവും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അട്ടിമറിയും ചേർന്ന് ഭൂപരിഷ്കരണത്തെ തിരിച്ചു പിടിക്കാനാവാത്തവിധം നേർപ്പിച്ചു. ഈ പശ്ചാത്തലത്തിൽ മറ്റൊരു വിമോചന സമരത്തിന് അറിഞ്ഞോ അറിയാതെയോ ചൂട്ടുപിടിക്കുന്ന നിലപാടാണ് ഇപ്പോൾ ഈ എഴുത്തുകാരിലൂടെ നടക്കുന്നത്.
ഒപ്പം ഇടതുപക്ഷത്തിന്റെ തുടർച്ച, ജനാധിപത്യം, ചരിത്രാനുഭവങ്ങൾ എന്നിവയെ ആസ്പദമാക്കി സമഗ്രമായ ഒരു സംവാദം അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഗോപകുമാർ മുകുന്ദന്റെ ഫെയ്ബുക്ക് പോസ്റ്റാണപ്പോൾ ചർച്ചയാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

