
എറണാകുളം ബാംഗ്ലൂർ വന്ദേഭാരതിൽ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് ആർഎസ്എസിൻ്റെ വർഗീയ അജണ്ടയുടെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണൻ എം പി പറഞ്ഞു.
‘ബഹുസ്വരതയുടെ പലവർണങ്ങളിൽ തിളങ്ങുന്ന ഇന്ത്യയെ കാവി പൂശാൻ പതിറ്റാണ്ടുകളായി ശ്രമിക്കുന്ന ആർഎസ്എസ് അവരുടെ പുതിയ അടവുകൾ അണിയറയിൽ തുടർച്ചയായി നിരത്തുകയാണ്. ഇന്ത്യൻ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേദിയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുടർച്ചയായ ഇടപെടലുകളും വർഗീയവത്ക്കരണം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ 102 വർഷത്തെ ചരിത്രത്തിൽ ആദ്യമായി നടത്തിയ “Ancient Sciences through Sanskrit” എന്ന സിമ്പോസിയം, ആർ.എസ്.എസ്. ആശയങ്ങൾക്ക് ശാസ്ത്രത്തിന്റെ പരിവേഷം നൽകാനുള്ള ഒരു ശ്രമമായിരുന്നുവെന്നും’ കെ രാധാകൃഷ്ണൻ എം പി പറഞ്ഞു.
‘ഇപ്പോൾ ഏറ്റവും ഒടുവിൽ എറണാകുളം- ബാംഗ്ലൂർ വന്ദേഭാരതിന്റെ പ്രഥമ യാത്രയിലും കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച് സർക്കാർ സംവിധാനങ്ങളിലാകെ തന്നെ കാവിവത്കരണം നടത്തുവാൻ ആണ് ശ്രമിക്കുന്നത്. ആർഎസ്എസിന്റെ പ്രത്യയ ശാസ്ത്ര അധിനിവേശം രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. സതേൺ റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വീഡിയോ ഷെയർ ചെയ്തത് ആർഎസ്എസ് ആശയത്തിന് കുട പിടിക്കുന്നതിന് തുല്യമാണെന്നും’ എംപി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

