
യുഡിഎഫ് ജാഥയിൽ പരസ്പരം ചേരിതിരിഞ്ഞ് നിൽക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നതെന്ന് എൽഡിഎഫ് നേതാവ് ടി പി രാമകൃഷ്ണൻ ആരോപിച്ചു. കുറ്റ്യാടിയിൽ പ്രവർത്തകർ തമ്മിൽ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ഡിസിസി അധ്യക്ഷൻ പറഞ്ഞത് ഇത് സ്നേഹ തല്ലാണെന്ന രീതിയിലാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ ഒറ്റപ്പെട്ട ചികിത്സ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ആ പിഴവുകളെ മൂടിവയ്ക്കാനോ ഇല്ലാതാക്കാനോ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. സംഭവങ്ങളിലെ കാരണങ്ങൾ വിശദമായി പരിശോധിച്ച് കർശന നടപടി സ്വീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ മോഷണ കേസുമായി ബന്ധപ്പെട്ട് ഒരു പ്രധാന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വം ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും അടൂർ പ്രകാശ് എംപി, ആന്റോ ആൻറണി എംപി എന്നിവർക്ക് ഒപ്പം കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിക്കൊപ്പം ഒരേ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ എന്നതാണ് ആ ചോദ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also read : ജാതി അധിക്ഷേപത്തിന് ശേഷം ചോദ്യപേപ്പർ തിരിമറി; കാര്യവട്ടം ക്യാമ്പസിൽ വകുപ്പ് മേധാവിക്കെതിരെ വീണ്ടും പരാതി
ആൻറോ ആൻറണി എംപി ഇത് കർണാടക കോൺഗ്രസിന്റെ ഇടപെടലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ശരിയാണോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റാരോപിതർ എങ്ങനെ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിലൊരാളായ സോണിയ ഗാന്ധിക്കൊപ്പം എത്തി, ഇതിന് ഉത്തരവാദി ആരാണ് എന്നതിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. കോൺഗ്രസിന് ഇത് നിസാര പ്രശ്നമായിരിക്കാമെങ്കിലും ജനങ്ങൾക്കു മുന്നിൽ സത്യാവസ്ഥ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കുണ്ടെന്ന് ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

