
വയനാട് ദുരന്തം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെ എതിർത്തവരാണ് കോൺഗ്രസും യുഡിഎഫുമൊക്കെ. മുമ്പും പ്രളയവും കോവിഡുമൊക്കെ ഉണ്ടായപ്പോൾ സർക്കാർ സാലറി ചലഞ്ചുമായി മുന്നോട്ടുവന്നിരുന്നു. അന്നും കോൺഗ്രസുകാരും, അവരുടെ ജീവനക്കാരുടെ സംഘടനകളും ഇതിനെതിരെ പ്രചാരണം നടത്തിയവരാണ്. ഇപ്പോഴിതാ, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞൊരു കാര്യമാണ് ചർച്ചയാകുന്നത്.
സർക്കാർ പദ്ധതി പ്രകാരം ഒരു മാസത്തെ ശമ്പളം യുഡിഎഫിന്‍റെ മുഴുവൻ ആളുകളും നൽകിയതാണെന്നും, അതിൽപ്പെട്ട ഒരാളാണ് താനെന്നുമാണ് വാർത്താസമ്മേളനത്തിൽ സിദ്ദിഖ് വെച്ചുകാച്ചുന്നത്.
എന്നാൽ സത്യം മറ്റൊന്നാണ്. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ എംഎൽഎമാരുടെ വിവരം പുറത്തുവന്നപ്പോൾ അതിൽ സിദ്ദിഖിന്‍റ പേരില്ല. അതുമാത്രമല്ല, യുഡിഎഫിന്‍റെ എല്ലാ എംഎൽഎമാരും ഒരുമാസത്തെ ശമ്പളം കൊടുത്തെന്ന സിദ്ദിഖിന്‍റെ വാദവും പച്ചക്കള്ളമാണ്.
മുമ്പും നാട് പ്രതിസന്ധിയിൽപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനെ തുരങ്കംവെച്ചവരാണ് കോൺഗ്രസുകാർ. ദുരന്തംമുഖത്ത് പോലും രാഷ്ട്രീയംകളിക്കുന്ന പ്രതിപക്ഷമായി ചെന്നിത്തലയും സതീശനുമൊക്കെ അധംപതിക്കുന്ന എത്രയോതവണ കേരളസമൂഹം കണ്ടിട്ടുള്ളതാണ്. കോവിഡ് കാലത്ത് ആറുദിവസത്തെ ശമ്പളം കടമായി ചോദിച്ച സർക്കാർ ഉത്തരവ് കത്തിച്ചാണ് കോൺഗ്രസ് അനുകൂല സംഘടനകൾ അന്ന് പ്രതിഷേധിച്ചത്.
നാടിന് വേണ്ടി ഒരുമിച്ച് നിൽക്കാത്തവർ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സംഭാവന നൽകിയെന്ന പച്ചക്കള്ളവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. അതുതന്നെയാണ് സിദ്ദിഖിന്‍റെ വാക്കുകളിലും കാണുന്നത്. മുണ്ടക്കൈ-ചൂരൽമലയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന വയനാടിനൊപ്പമാണ് സർക്കാർ. ടൌൺഷിപ്പ് ഉൾപ്പടെയുള്ള നിർമാണങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നു. ദുരന്തബാധിതരെ സഹായിക്കാൻ പിരിച്ച് പുട്ടടിച്ച പണത്തിന്‍റെ കണക്ക് പോലും പറയാനാകാതെ കോൺഗ്രസും യൂത്ത് കോൺഗ്രസും മുന്നോട്ടുപോകുമ്പോഴാണ് സിദ്ദിഖിന്‍റെ പച്ചക്കള്ളം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

