‘മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള പ്രവർത്തകരെ പുറത്താക്കാൻ ലീഗ് നേതൃത്വം തയ്യാറാകണം’: ടിവി രാജേഷ്

കഴിഞ്ഞ ഒരു മാസത്തിനിടെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് പി.കെ. ഫിറോസിന്റെ സഹോദരൻ പി.കെ. ബുജൈർ, യൂത്ത് ലീഗ് നേതാവ് സാദിഖലി കൂമ്പാറ, കാസർകോട്ടെ ലീഗ് നേതാവ് എം.കെ. മസൂദിൻ എന്നിവരുൾപ്പെടെ ലീഗുമായി ബന്ധമുള്ള നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിപിഐഎം നേതാവ് ടി.വി. രാജേഷ്. വളരെ ഗൗരവമുളള വിഷയമാണിത്, കഴിഞ്ഞ ദിവസം കാസർകോട് ബേളമ്പാടിയിൽ നിന്ന് മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനും പ്രാദേശിക ഭാരവാഹിയും സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ഒരാളിൽ നിന്ന് 121 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. തിരുവമ്പാടിയിൽ നിന്ന് മുസ്ലീം ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു പ്രവർത്തകനിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. ഇപ്പോൾ ഒരു പ്രമുഖ ലീഗ് നേതാവിന്റെ സഹോദരൻ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിന് എത്തിയപ്പോൾ പോലീസിനെ ആക്രമിച്ചതായും, ഇദ്ദേഹം വലിയൊരു റാക്കറ്റിലെ സജീവ കണ്ണിയാണെന്നും ഉള്ള വാർത്ത ഞെട്ടലോടെയാണ് കേട്ടത്.

ഈ കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ മാതൃകാപരമായ സമീപനം സ്വീകരിക്കണമെന്നും, തെറ്റായ ബന്ധങ്ങളുള്ളവരെ തള്ളിപ്പറയാനുള്ള ആർജ്ജവം മുസ്ലീം ലീഗ് നേതൃത്വം കാണിക്കണമെന്നും ടി.വി. രാജേഷ് ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരും പോലീസും എക്സൈസും അടക്കം മയക്കുമരുന്ന് വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോൾ, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ മയക്കുമരുന്ന് വിറ്റ് പണമുണ്ടാക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യം, സമൂഹത്തിലെന്ത് തോന്നിവാസം കാണിച്ചും പണം ഉണ്ടാക്കണമെന്ന അജണ്ടയാണ് ലീഗ് പ്രവർത്തകരുടേത്’: വി വസീഫ്

കേരളത്തിലെ സമീപകാല സ്വർണ്ണക്കടത്ത് കേസുകളിൽ ലീഗിന്റെ നിരവധി ഉത്തരവാദിത്തപ്പെട്ട പ്രവർത്തകർ പ്രതിക്കൂട്ടിലാണെന്നും, ജ്വല്ലറി തട്ടിപ്പ് കേസുകളിലും ലീഗ് നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് നേതൃത്വം ഈ കുറ്റകൃത്യങ്ങളെ “അതൊരു ബിസിനസ്സാണ്, അത് പൊളിഞ്ഞുപോയി” എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാനും തട്ടിപ്പിന് നേതൃത്വം കൊടുത്തവരെ പരോക്ഷമായി ന്യായീകരിക്കാനും ശ്രമിക്കുന്നു എന്നും ആരോപിക്കുന്നു.

അടുത്തിടെ കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം മുസ്ലീം ലീഗിന്റെ പ്രധാന പ്രാദേശിക നേതാക്കളാണ്, ഇവർക്ക് ഉന്നത നേതാക്കന്മാരുമായി ബന്ധമുണ്ടെന്നും ലീഗിന്റെ വേദികളിലെ സ്ഥിര സാന്നിധ്യമാണെന്നും ടി.വി. രാജേഷ് വ്യക്തമാക്കുന്നു. മുസ്ലീം ലീഗ് നേതൃത്വം പാർട്ടിക്കുള്ളിൽ ആഴത്തിലുള്ള പരിശോധന നടത്തണമെന്നും, തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ, എത്ര ഉന്നതരായാലും ശരി, പാർട്ടിക്കകത്ത് നിന്ന് പുറത്താക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും ടി.വി. രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News