
കേരള മോഡൽ എന്ന് പറയുന്നത് വെറുതെയല്ല. ആരോഗ്യ – വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെയും കടത്തി വെട്ടുന്ന കേരളം സൂചികകളിൽ മത്സരിക്കുന്നത് വികസിത വിദേശ രാജ്യങ്ങളോടാണ്. കേരളത്തിന്റെ ആരോഗ്യ – വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം വിദേശികൾ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് നമുക്ക് സർക്കാർ എത്രത്തോളം മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മനസിലാകുന്നത്.
കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി കേരളത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. ശൈലജ ടീച്ചറിന്റെ ചിത്രം കാണിച്ച് ആളെ അറിയാമോ എന്ന് ഒരു മാധ്യമപ്രവർത്തക വിദ്യാർഥിയോട് ചോദിക്കുകയായിരുന്നു. ആളെ അറിയില്ലെന്ന് പറഞ്ഞപ്പോൾ, മുൻ ആരോഗ്യ മന്ത്രിയാണെന്ന് മാധ്യമപ്രവർത്തക വെളിപ്പെടുത്തി. തുടർന്നാണ് കേരള സർവകലാശാലയിലെ വിദേശ വിദ്യാർത്ഥി കേരളത്തിന്‍റെ ആരോഗ്യ രംഗത്തെ പറ്റിയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഒരു ദിവസം തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്നതായും അവിടുത്തെ മികച്ച പരിസരവും, രോഗികളോടുള്ള പെരുമാറ്റവും, ലഭ്യമായ സേവനങ്ങളും തന്നെ വളരെയധികം ആകർഷിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വളർന്ന ഉയർന്ന നിലയിലാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ വിദ്യാഭ്യാസ രീതിയും മികച്ചതാണെന്ന് വിദ്യാർത്ഥി അഭിപ്രായപ്പെട്ടു.
കേരള സർവകലാശാലയിലെ പഠനം തനിക്ക് ലഭിച്ച വലിയൊരു അവസരമായി കാണുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവിധ ആഫ്രിക്കൻ – യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടനവധി ആളുകളെ പരിചയപ്പെടാൻ സാധിച്ചതായും പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുന്ന തരത്തിലുള്ളതാണ് വിദ്യാഭ്യാസ സംവിധാനം. സർവകലാശാലയിലെ പഠനവും അവിടുത്തെ അന്തരീക്ഷവും താൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെറുതെ വിമർശിക്കുന്നവർ ഇത് കാണുന്നുണ്ടോ എന്നാണ് കമന്റ് ബോക്സിൽ ഒരാൾ ചോദിച്ചത്. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളെ താറടിക്കാൻ ശ്രമിക്കുന്നവർക്ക് ഉള്ള വ്യക്തമായ മറുപടി എന്ന് മറ്റൊരാൾ കുറിച്ചു. വിദേശികൾക്ക് പോലും മികച്ച അഭിപ്രായം പറയാൻ തക്കവണ്ണം പുരോഗതി സാധ്യമാക്കിയതിൽ സർക്കാരിന് അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


