‘കേരളം ഇന്ത്യയുടെ വികസന ചാമ്പ്യൻ; സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും’; ‘ദി എക്കണോമിസ്റ്റ്’ റിപ്പോർട്ട്

the economist report about kerala and Poverty Eradication Success

അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ കേരളത്തെ, ലോകത്തിലെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ ‘ദി എക്കണോമിസ്റ്റ്’ (The Economist) ഇന്ത്യയുടെ വികസന ചാമ്പ്യനായി വിശേഷിപ്പിച്ചതിൽ അഭിമാനം പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്. കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞം ലോകത്തിന് വഴികാട്ടിയാകുമ്പോൾ, അടിസ്ഥാന രഹിതമായ വിമർശനങ്ങളുന്നയിച്ച് കണ്ണടക്കുന്നവർക്ക് മാത്രമേ ഇരുട്ടാവുന്നുള്ളൂ എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ അന്താരാഷ്ട്ര അംഗീകാരമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ലണ്ടനിൽ നിന്നിറങ്ങുന്ന പ്രസിദ്ധീകരണമായ ‘ദി എക്കണോമിസ്റ്റ്’, വലതുപക്ഷ സാമ്പത്തിക വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് തന്നെ ‘ലോക മുതലാളിത്തത്തിന്റെ ജിഹ്വ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്. ഇടതുപക്ഷ ആഭിമുഖ്യം ഒട്ടുമേ ഇല്ലാത്ത ഈ പ്രസിദ്ധീകരണത്തിന്റെ നിരീക്ഷണങ്ങൾ ലോകമെമ്പാടുമുള്ള രാഷ്ട്രീയ, ബിസിനസ്, അക്കാദമിക് വൃത്തങ്ങളിൽ ഗൗരവത്തോടെയെടുക്കുന്നവയാണ്.

പതിവായി നമ്മുടെ ആശയങ്ങളോട് വിയോജിക്കുന്ന ‘ദി എക്കണോമിസ്റ്റ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ തലക്കെട്ട്: “സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും” (“Kerala can teach India a few things about social welfare”) എന്നതായിരുന്നു. ലേഖനത്തിൽ, കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യൻ (‘India’s development champion’) എന്നാണ് കവറിൽ തന്നെ ദി എക്കണോമിസ്റ്റ് വിശേഷിപ്പിച്ചത്. അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് ലേഖനം അടിവരയിടുന്നു. കേരളത്തിന്റെ ദാരിദ്ര്യനിരക്ക് 1% ൽ താഴെ മാത്രമാണെന്നും, ഈ നേട്ടത്തിൽ നമ്മെ ലോകത്തിലെ സ്കാൻഡിനേവിയൻ രാജ്യങ്ങളോട് ഉപമിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വം: എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി

പോസ്റ്റിന്റെ പൂർണരൂപം

കണ്ണടച്ചിരുട്ടാക്കുന്നവരേ കാണൂ കേരളം ലോകത്തിന് വെളിച്ചമാകുന്നത്!
ലോകത്തെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് ലണ്ടനിൽ നിന്നിറങ്ങുന്ന ‘The Economist’. അവരും നമ്മുടെ ആ നേട്ടത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. വലതുപക്ഷ സാമ്പത്തിക വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് തന്നെ ‘ലോക മുതലാളിത്തത്തിന്റെ ജിഹ്വ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണമാണിത്. ഇടതുപക്ഷ ആഭിമുഖ്യം ഒട്ടുമേ ഇല്ലെന്നർത്ഥം. എകണോമിസ്റ്റിന് ലോകമാകെയുള്ള അക്കാദമിക്-പണ്ഡിത സമൂഹത്തിലും വലിയ സ്വീകാര്യതയും ആധികാരികതയുമുണ്ട്. അതിവിശാലമായ വായനക്കാരുള്ള എകണോമിസ്റ്റിന്റെ നിരീക്ഷണങ്ങൾ ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ -ബിസിനസ്-അക്കാദമിക് വൃത്തങ്ങളിൽ ഗൗരവത്തോടെയെടുക്കുന്നവയാണ്. ആ എകണോമിസ്റ്റാണ് കേരളത്തിന്റെ കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യഞ്ജത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നത് നമുക്കെല്ലാം അഭിമാനം പകരുന്ന കാര്യമാണ്.
കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യഞ്ജത്തിന്റെ വെളിച്ചം ലോകത്തിന് വഴികാട്ടിയാകുമ്പോൾ അടിസ്ഥാന രഹിതമായ വിമർശനങ്ങളുന്നയിച്ച് കണ്ണടക്കുന്നവർക്ക് മാത്രമേ ഇരുട്ടാവുന്നുള്ളൂ എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. പതിവായി നമ്മുടെ ആശയങ്ങളോട് വിയോജിക്കുന്ന ‘The Economist’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ തലക്കെട്ട് : “സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും” എന്നതാണ്.
അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് അടിവരയിടുന്ന ലേഖനം, 1% ൽ താഴെ മാത്രം ദാരിദ്ര്യനിരക്കുള്ള നമ്മെ ലോകത്തിലെ സ്കാൻഡിനേവിയൻ രാജ്യങ്ങളോട് ഉപമിക്കുന്നു. കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യൻ എന്നാണ് കവറിൽ തന്നെ ദി എക്കണോമിസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ വിജയം സാധ്യമായത് പുനർവിതരണത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന അതുല്യമായ രാഷ്ട്രീയ ശൈലിയും , കുടുംബശ്രീ പോലുള്ള പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായി ചേർന്ന് 64,006 അതിദരിദ്ര കുടുംബങ്ങളെ രക്ഷിച്ച വികേന്ദ്രീകൃത ഭരണരീതിയും കൊണ്ടാണെന്നും എകണോമിസ്റ്റ് വിലയിരുത്തുന്നുണ്ട്. വിഭിന്ന രാഷ്ട്രീയ നിലപാടുകളുള്ളവർപ്പോലും മനുഷ്യരെ ചേർത്തുപിടിച്ചുള്ള നമ്മുടെ വികസന മാതൃകയെ അംഗീകരിക്കുമ്പോൾ എല്ലാ അസംബന്ധ രാഷ്ട്രീയ നാടകങ്ങളും പൊളിഞ്ഞ് വീഴുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News