
നെല്ല് സംഭരണത്തിൽ കർഷകരോടുള്ള വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. സംഭരിച്ച നെല്ലിന്റെ തുക നൽകി തുടങ്ങി. വർദ്ധിപ്പിച്ച തുകയായ 30 രൂപ നിരക്കിലാണ് നൽകുന്നത്. കൂടുതൽ മില്ലുടമകൾ നെല്ല് സംഭരിക്കാൻ തയ്യാറായതായും ഇതിനൊരു ശാശ്വത പരിഹാരം സർക്കാർ കാണുമെന്നും മന്ത്രി ജി ആർ അനിൽ കൈരളി ന്യൂസിനോട് വ്യക്തമാക്കി.
കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾക്ക് തുടക്കമായത്. കൂടാതെ നെല്ലിൻറെ സംഭരണ വില കിലോയ്ക്ക് 28 രൂപയിൽ നിന്ന് 30 രൂപയാക്കിയും സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്ത് സംഭരിച്ചത് 33109 മെട്രിക് ടൺ നെല്ലാണ്. 7 ജില്ലകളിലാണ് നെല്ല് സംഭരണം തുടരുന്നത്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം കർഷകർക്ക് തുക ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ പൂർത്തിയാക്കിയതെന്ന് മന്ത്രി ജി ആർ അനിൽ കൈരളി ന്യൂസിനോട് വ്യക്തമാക്കി.
Also read: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
നിലവിൽ നെല്ല് സംഭരിക്കുന്ന ആറ് മില്ലമകൾക്ക് പുറമെ മറ്റ് നാലുപേർ കൂടി നെല്ല് സംഭരിക്കാൻ തയ്യാറായി. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിൽ സർക്കാർ സ്വന്തം നിലയ്ക്ക് മില്ലുകൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ സർക്കാർ നിശ്ചയിച്ച പ്രകാരം നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് പുറമേ കൂടുതലായി കൊയ്തു വെച്ചിരിക്കുന്ന നെല്ല് ഇന്ന് മുതൽ എഫ്സിഐയുമായും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളും ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

