തീരാനഷ്ടത്തിലേക്ക് കൂപ്പുകുത്തിയ യുഡിഎഫ് കാലത്ത് നിന്ന് കെഎസ്ആർടിസിയെ ടോപ് ഗിയറിൽ എത്തിച്ച എൽഡിഎഫ് സർക്കാർ

ksrtc

കെഎസ്ആർടിസി എന്ന് പറയുന്നത് തനിയെ നിന്നുപോകും, ഒരു നിലയിലും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്- യു.ഡി.എഫ് ഭരണകാലത്ത് ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് പറഞ്ഞതാണിത്.

ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട് നിൽക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ, നമ്മുടെ സ്വന്തം ആനവണ്ടിയെ യു.ഡി.എഫ് എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് അറിയാൻ ഈ മുൻമന്ത്രിയുടെ പ്രതികരണം മാത്രം കണ്ടാൽ മതി. ആര്യാടൻ മാത്രമല്ല, തിരുവഞ്ചൂരും വി എസ് ശിവകുമാറും എൻ ശക്തനുമൊക്കെ യു.ഡി.എഫ് കാലത്ത് മാറിമാറി കെഎസ്ആർടിസിയെ സേവിച്ച് ഒരു വഴിക്കാക്കിയതാണ്. സ്വകാര്യബസ് മുതലാളിമാരിൽനിന്ന് അച്ചാരം വാങ്ങി കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയത് യു.ഡി.എഫ് ഭരണകാലത്താണ്. അത് എങ്ങനെയെന്നല്ലേ?

അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത- കെഎസ്ആർടിസി തകർച്ചയിൽനിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തി. ലാഭത്തിനുപരി സാമൂഹ്യസേവനം എന്ന നിലയിൽകൂടിയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ സർക്കാരിന്‍റെ സാമ്പത്തിക സഹായം കോർപറേഷന് അനിവാര്യമായിരുന്നു. എന്നാൽ, യു.ഡി.എഫിന്‍റെ കാലത്ത് കെഎസ്ആർടിസിക്ക് സഹായം നിഷേധിക്കപ്പെട്ടു. ബസുകൾ കട്ടപ്പുറത്തായി, സർവീസുകൾ വെട്ടിക്കുറച്ച് യാത്രക്കാരെ കൊള്ളയടിക്കാൻ സ്വകാര്യമേഖലയ്ക്ക് അവസരം നൽകി. സ്പെയർ സ്പാർട്സ് വാങ്ങുന്നതിൽ അഴിമതി, കെഎസ്ആർടിസിയുടെ കണ്ണായ ഭൂമി കൈകാര്യം ചെയ്യുന്നതിൽ കെടുകാര്യസ്ഥത, ബസ് സ്റ്റാൻഡുകളിൽ ഷോപ്പിങ് കോംപ്ലക്സുകൾ പണിതത്, പലസ്ഥലങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്നു, കഴിവുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്ത് അവരെ നിർവീര്യമാക്കി. ഇത്തരത്തിൽ പൊതുഗതാഗതമേഖലയെ മുച്ചൂടും മുടിച്ചു.

Also read: ‘ചാനൽചർച്ചയ്ക്കിടെ പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി നേതാവ് പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം’: ഡി വൈ എഫ് ഐ

യുഡിഎഫ് ഭരണകാലത്ത് ഓരോ വർഷവും 600 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർിസിക്ക് ഉണ്ടായത്. 2011 മുതൽ ഭരിച്ച ഉമ്മൻചാണ്ടി സർക്കാർ 2016ൽ ഇറങ്ങുമ്പോൾ കെഎസ്ആർടിസിയുടെ കടം 3144 കോടി രൂപയായി. കെഎസ്ആർടിസിയുടെ കടവും ബാധ്യതയും ഇല്ലാതാക്കാൻ ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളുന്നതിന് പകരം, ടിക്കറ്റിൽ സെസ് ഏർപ്പെടുത്തി, സാധാരണക്കാരായ യാത്രക്കാരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്.

ഇനി 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ചെയ്തതോ. കെഎസ്ആർടിസിയെ നഷ്ടത്തിൽനിന്ന് കരകയറ്റാൻ ക്രിയാത്മകമായ ഇടപെടലാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്ത് വർഷംകൊണ്ട് ശ്രമിച്ചത്. കെഎസ്ആർടിസിയോടുള്ള സമീപനത്തിൽ ഈ സർക്കാരിന്‍റെ മാറ്റം വിശദമായി പറഞ്ഞുതരാം. യുഡിഎഫ് സർക്കാർ 2011-16 കാലത്ത് അഞ്ചുവർഷംകൊണ്ട് നൽകിയത് 1220 കോടി രൂപയാണ്. എന്നാൽ 2016 മുതൽ ഇതുവരെയുള്ള രണ്ട് എൽഡിഎഫ് സർക്കാരുകൾ കെഎസ്ആർടിസിക്ക് നൽകിയതാകട്ടെ, 11,787 കോടി രൂപ. ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കുന്നതിന് കെഎസ്ആർടിസി സ്വിഫ്റ്റ് പോലെയുള്ള സർവീസുകൾ വന്നു. ടിക്കറ്റ് ബുക്കിങ്ങിന് എന്‍റെ കെഎസ്ആർടിസി നിയോ ആപ്പ്, ടിക്കറ്റ് എടുക്കാൻ ട്രാവൽ കാർഡ്, വിദ്യാർഥികൾക്കുള്ള കൺസെഷൻ കാർഡ് സ്മാർട്ടാക്കി തുടങ്ങി അടിമുടി ഡിജിറ്റലൈസേഷൻ കൊണ്ടുവന്നു. യാത്രാ ഫ്യുവൽ പമ്പുകൾ, ഡ്രൈവിങ് സ്കൂൾ പദ്ധതി, ഷോപ്പിങ് കോംപ്ലക്സുകൾ, കൊറിയർ സർവീസ് ഇത്തരത്തിലെല്ലാം ടിക്കറ്റിതര വരുമാനം വർദ്ധിപ്പിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനുമൊക്കെ ഒന്നാം തീയതി തന്നെ നൽകി. ഇത് ജീവനക്കാരിൽ ആത്മവിശ്വാസം കൂട്ടി. ഇതിന്‍റെ ഫലമാണ് കെഎസ്ആർടിസി പ്രതിദിന കളക്ഷനിൽ പുതിയ റെക്കോർഡിട്ടത്. 2025ലെ ഓണാവധി കഴിഞ്ഞ ദിവസം 10.19 കോടി രൂപ കളക്ഷൻ നേടി കെഎസ്ആർടിസി പുതിയ ചരിത്രമെഴുതി.

കൂടാതെ, ആധുനിക സൌകര്യങ്ങളോടെയുള്ള ആഡംബര ബസുകൾ വാങ്ങി, യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൌകര്യമൊരുക്കി. രാജ്യത്ത് ലഭ്യമായതിൽ ഏറ്റവും ആഡംബര ബസുകളിലൊന്നായ വോൾവോ 9600 SLX വാങ്ങുന്ന ആദ്യ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനായി കെഎസ്ആർടിസി മാറി. തിരുവനനന്തപുരം ഉൾപ്പടെയുള്ള നഗരങ്ങളിൽ നഗരക്കാഴ്ച എന്ന പേരിലും മൂന്നാറിൽ സ്ഥലംകാണുന്നതിനായും ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിച്ചു. ഇതിനൊപ്പം ക്യാൻസർ രോഗികൾക്ക് സൂപ്പർഫാസ്റ്റ് ഉൾപ്പടെയുള്ള സർവീസുകളിൽ സൌജന്യയാത്രയൊരുക്കിയും കെഎസ്ആർടിസി സമൂഹത്തോടുള്ള പ്രതിബദ്ധത വിളിച്ചോതി. ബസിൽ കയറുന്ന കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് സമ്മാനമായി നൽകിയും, ബജറ്റ് ടൂറിസത്തിന് പ്രത്യേകം ബസിറക്കിയും കെഎസ്ആർടിസി അടിമുടി മാറുകയാണ്. തീരാനഷ്ടത്തിലേക്ക് കൂപ്പുകുത്തിയ യുഡിഎഫ് കാലത്തു നിന്ന് കെഎസ്ആർടിസി എന്ന നമ്മുടെ സ്വന്തം ആനവണ്ടി ടോപ് ഗിയറിൽ മുന്നോട്ടുകുതിക്കുകയാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News