
കേരളത്തിന്റെ വികസന കുതിപ്പിന്റെയും എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും മറുപേരായി മാറുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നിർമാണത്തിന്റെ രണ്ടാം അധ്യായത്തിന് നാളെ തുടക്കുമാകുമ്പോള്‍ ഓരോ മലയാളിക്കും അത് അഭിമാനത്തിന്റെ നിമിഷം കൂടിയാകുന്നു. 2028ൽ തുറമുഖം പൂർണസജ്ജമാകും. പ്രതീക്ഷിച്ചതിലും 17 വർഷം മുൻപേയാണ് ഇതെന്നത് മറ്റൊരു ചരിത്രം.
വിവിധങ്ങളായ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചാണ് കേരളത്തിന്റെ ഈ വികസന കുതിപ്പെന്നത് മറന്നുകൂടാ. തുറമുഖ വികസനത്തിന്റെ വിജയവഴികളും ഈ നിമിഷം ഓർക്കപ്പെടുന്നുണ്ട്. പദ്ധതിയെ എതിർത്തവർ, അതിനെതിരെ രഹസ്യമായും പരസ്യമായും മുദ്രാവാക്യം വിളിച്ചവർ വിജയംകണ്ട് കണ്ണുമഞ്ഞളിച്ച് പിതൃത്വം അവകാശപ്പെട്ട് എത്തിയതും ജനങ്ങള്‍ക്ക് മുന്നിലുണ്ട്. അവയെയെല്ലാം തള്ളി ഇടതുസർക്കാരിന്റെ വികസന കാഴ്ചപ്പാടുകള്‍ക്കും നിശ്ചയദാർഢ്യത്തിനും ജനം കൈയടിക്കുന്നു. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങൾക്ക് കെ സുധാകരനും വി ഡി സതീശനുമെല്ലാം പരസ്യപിന്തുണ പ്രഖ്യാപിച്ചത് കേരളം മറന്നിട്ടില്ല.
ALSO READ: വിഴിഞ്ഞം 2.0 ലോഡിങ്: അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് നാളെ തുടക്കം
വിജയ വഴികള്‍…
2015 ഡിസംബർ 5ന് ആയിരുന്നു വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ തുടക്കം മുതൽ തന്നെ അതിനെ അട്ടിമറിക്കാൻ പല ശ്രമങ്ങളുമായി കോൺഗ്രസ് അടക്കമുള്ളവർ രംഗത്ത് എത്തിയപ്പോഴും സർക്കാർ ഒരിഞ്ച് പോലും പിറകോട്ട് പോയില്ല.
2023 ഒക്ടോബർ 15ന് ആദ്യ കപ്പലായ ‘ഷെൻഹുവ’വിഴിഞ്ഞം തീരമണഞ്ഞു. ക്രെയിനുകളും നിർമാണോപകരണങ്ങളുമായാണ് ഈ ചൈനീസ് ചരക്കു കപ്പൽ വിഴിഞ്ഞത്ത് എത്തിയത്. 2024 ജൂലൈ 12ന് ട്രയൽ റൺ ആരംഭിച്ചു. വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത് അതേവർഷം ഡിസംബർ 3ന് ആണ്.
2025 ഫെബ്രുവരിയിൽ തെക്ക് – കിഴക്കൻ ഇന്ത്യയിലെ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് വിഴിഞ്ഞം എത്തി. 40 കപ്പലുകളിൽ നിന്ന് 78,833 TEUകൈകാര്യം ചെയ്തായിരുന്നു നേട്ടം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്യുന്നത് 2025 മെയ് 2ന് ആണ്.
2025 ജൂൺ 09ന് മറ്റൊരു ചരിത്രം പിറന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 2025 ഓഗസ്റ്റ് ആയപ്പോഴേക്കും ഒമ്പത് മാസത്തിനുള്ളിൽ വാർഷികശേഷിയായ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് മറ്റൊരു ചരിത്ര നേട്ടം കൂടി വിഴിഞ്ഞം സ്വന്തം പേരിലാക്കി.
2025 സെപ്റ്റംബർ 23ന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങി വെറും പത്ത് മാസത്തിനുള്ളിൽ 500-ാമത്തെ കപ്പൽ വിഴിഞ്ഞത്ത് തീരമണഞ്ഞു. ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (17.1 മീറ്റർ) കപ്പലായ എംഎസ്‍സി വെറോണ വിഴിഞ്ഞത്ത് ബെർത്ത് ചെയ്തു. 2025 ഒക്ടോബർ 19 ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് ആരംഭിച്ചു, കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ലോകോത്തര സേവനമാണിത്.
ALSO READ: വിഴിഞ്ഞം തുറമുഖം: നാൾവഴികളിലൂടെ ഒരു ചരിത്രയാത്ര
2025 നവംബർ 20ന് വിഴിഞ്ഞം തുറമുഖത്തിന് ഐസിപി പദവി ലഭിച്ചു. അന്താരാഷ്ട്ര സീപോർട്ട് പട്ടികയിലും ഇടംപിടിച്ചു. 2025 ഡിസംബറിൽ മറ്റൊരു നേട്ടം കൂടി കൊയ്തു, ഒരു മാസം 1. 21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തുവെന്ന റെക്കോർഡ് നേട്ടം.
ഇപ്പോഴിതാ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കും തുടക്കമാവുകയാണ്. നാളെ (2026 ജനുവരി 24) രണ്ടാം അധ്യായത്തിന് ഔദ്യോഗികമായി തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

